ഓൺലൈൻ ചൂതാട്ടം: തമിഴ്നാട്ടില്‍ മാത്രം ജീവനൊടുക്കിയത് 17 പേർ; നിരോധനത്തിന് ഒരുങ്ങി കര്‍ണാടകയും

നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു
ഓൺലൈൻ ചൂതാട്ടം: തമിഴ്നാട്ടില്‍ മാത്രം ജീവനൊടുക്കിയത് 17 പേർ; നിരോധനത്തിന് ഒരുങ്ങി കര്‍ണാടകയും

ചെന്നൈ : തമിഴ്നാട്ടില്‍ ലോക്ഡൗൺ കാലത്ത് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായി ആത്മഹത്യ ചെയ്തവര്‍ ഏറെയാണ്‌. ഇതോടെ തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് സര്‍ക്കാര്‍ ചൂതാട്ടം നിരോധിച്ചത്. ഇതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനിമുതല്‍ 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10, 000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവു ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്.

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് വ്യാപക ആവശ്യവും ഉയര്‍ന്നിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 17 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 1930ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു.

1930 ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തമിഴ്നാട് സർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. എല്ലാ തരം ചൂതാട്ടത്തെയും വിലക്കുന്ന തെലങ്കാന ഗെയിമിങ് ആക്റ്റ് (ഭേദഗതി നിയമം, 2017) പ്രകാരമാണ് തെലങ്കാനയിലെ നിരോധനം. ഇതിന്റെ ചുവടുപിടിച്ചായിരുന്നു തമിഴ്നാട്ടിലെയും നിരോധനം. ഇതോടെ, ഓൺലൈൻ ചൂതാട്ടം ലക്ഷ്യമിട്ട് പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന പണമിടപാടുകളും ബെറ്റിങ്ങും നിയമവിരുദ്ധമാകും.

Read also: ഓൺലൈൻ റമ്മി ചൂതാട്ടത്തെ ആര് പിടിച്ച് കെട്ടും ?

പുതുച്ചേരി വിളിയന്നൂരിൽ സിം കാര്‍ഡ് മൊത്ത വില്‍പനക്കാരനായ വിജയകുമാറിന്റെ ആത്മഹത്യയാണ് ദേശീയ തലത്തിൽത്തന്നെ ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ഭാര്യയ്ക്കും മക്കൾക്കും വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷമാണ് വിജയകുമാര്‍ ആത്മഹത്യ ചെയ്തത്. തനിക്ക് വളരെ അധികം കടമുണ്ട്. ഇത് തിരികെ അടയ്ക്കാൻ പണമില്ലെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നും യുവാവ് കുടുംബത്തിനയച്ച സന്ദേശത്തിൽ പറയുന്നു.

മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനായ വിജയകുമാർ ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം ആരംഭിച്ചത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ പിന്നീട് ഇതിന് അടിമയാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ചൂതാട്ടം തുടങ്ങി. 30 ലക്ഷം രൂപയുടെ കടക്കെണിയിലായപ്പോഴാണ് വിജയകുമാറിന് കളികൈവിട്ട് പോയെന്ന് മനസിലായത്.

Read also: ഓണ്‍ലൈന്‍ ചൂതാട്ടം; വലവിരിച്ച് ഇഡി

ആത്മഹത്യ ചെയുമെന്ന വിജയകുമാറിന്റെ സന്ദേശം ലഭിച്ച ഉടൻ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നാലെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

എതാനും ദിവസങ്ങൾക്കു മുൻപും തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം മൂലം ആത്മഹത്യയുണ്ടായി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റായ സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. അവിവാഹിതനായ മദൻകുമാർ മദ്യത്തിനും അടിമയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ആത്മഹത്യ. നിർമാണത്തൊഴിലാളിയായ അച്ഛൻ എസ്.രവിക്കും അമ്മ മനോമണിക്കും ഒപ്പം ആറുമാസം മുൻപ് മദൻകുമാർ സമിച്ചെട്ടിപാളയത്തെ ഒരു വാടക വീട്ടിലേക്ക് മാറിയിരുന്നു.

പലരിൽനിന്നും ഇയാൾ കടം വാങ്ങിയിരുന്നെന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മദ്യവും ലഹരിമരുന്നും പോലെ യുവാക്കളെ നശിപ്പിക്കുന്ന സാമൂഹിക വിപത്തായതിനാലാണ് ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കുന്നതെന്നായിരുന്നു തമിഴ്നാട് സർക്കാർ നൽകിയ വിശദീകരണം.

Read also: ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം; ചിന്തിക്കാന്‍ സമയമായി കേരളമേ...

അതേസമയം, ഓൺലൈൻ ചൂതാട്ടത്തിന് വിലങ്ങിടാൻ കർണ്ണാടക സർക്കാരും ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ വിലയിരുത്തിയ ശേഷമേ ഇതിൽ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓൺലൈൻ ചൂതാട്ടത്തിനായി വിദ്യാർത്ഥികളും, കുട്ടികളും, മുതിർന്നവരും ധാരാളം പണം ചിലവഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിലൂടെ നിരവധി കുടുംബങ്ങളാണ് സാമ്പത്തികമായി തകർന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ചൂതാട്ടത്തിനെതിരെ നടപടിയെടുക്കാൻ ആലോചിക്കുന്നത് എന്നും ബസവരാജ് ബൊമ്മി വ്യക്തമാക്കി.

ഓൺലൈൻ ചൂതാട്ടത്തിനെതിരെ മറ്റ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തും. അതിന് ശേഷമാകും ചൂതാട്ടം പൂർണ്ണമായി നിരോധിക്കണോ അതോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നകാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com