ഓൺലൈൻ റമ്മി ചൂതാട്ടത്തെ ആര് പിടിച്ച് കെട്ടും ?

രാജ്യത്തെ യുവത്വത്തെ ചൂതാട്ടത്തിൽ നിന്നും തട്ടിപ്പിൽ നിന്നും മാറ്റി നിർത്താനുള്ള ബാധ്യത നമ്മുടെ സർക്കാരുകൾക്ക് ഉണ്ട്
ഓൺലൈൻ റമ്മി ചൂതാട്ടത്തെ ആര് പിടിച്ച് കെട്ടും ?

എവിടെ തിരിഞ്ഞാലും റമ്മി കളിക്കൂ പണം നേടൂ എന്നാണ് കാണാൻ കഴിയുന്നത്. ഓൺലൈൻ സൈറ്റുകളിലും യൂട്യൂബിലുമെല്ലാം കണ്ടിരുന്ന പരസ്യ വാചകങ്ങൾ ഇപ്പോൾ മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലും നിറഞ്ഞോടുകയാണ്. എന്നാൽ റമ്മി കളിച്ച് പണക്കാരായവരേക്കാൾ കൂടുതൽ റമ്മി കളിച്ച് പണം നഷ്ടമായവരാണ് എന്നതാണ് വാസ്‌തവം. സർക്കാർ ഉദ്യോഗസ്ഥൻ റമ്മി കളിച്ച് സർക്കാർ ഖജനാവിലെ പണം വരെ നഷ്ടപ്പെടുത്തിയത് നാം ഈ അടുത്ത കാലത്ത് കണ്ടതാണ്. പക്ഷേ, യാതൊരു നിയന്ത്രണവുമില്ലാതെ റമ്മി ചൂതാട്ട കമ്പനികൾ തടിച്ച് കൊഴുക്കുകയാണ്.

പെട്ടന്ന് പണം നേടുക, സമ്പന്നനാകുക എന്നത് സാമ്പത്തിക അസ്ഥിരതയുള്ള ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ഒരു ജോലി ലഭിക്കാൻ ഏറെ പ്രയാസമുള്ളൊരു രാജ്യത്ത്, ചുരുങ്ങിയ ശമ്പളം മാത്രമുള്ള സമയത്ത് അധിക വരുമാനം എളുപ്പത്തിൽ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. ഇത്തരം സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും മേൽ പറക്കുന്ന കഴുകനാണ് റമ്മി ചൂതാട്ടം. എന്നാൽ, കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൂടി നഷ്ടമാകുന്ന സംഭവങ്ങളാണ് പിന്നീട് നടക്കുന്നത്.

ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായ രീതിയിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി കൂടുതൽ പേരെ തൊഴിലില്ലാത്തവരാക്കി മാറ്റുകയും ചെയ്‌തു. റമ്മി ചൂതാട്ട കമ്പനികൾ ഏറ്റവും കൂടുതൽ പ്രചാരണം നൽകുകയും ചെയ്യുന്ന സമയവും ഇതാണ്. ഈ സമയത്ത് അധികമായി നൽകുന്ന പരസ്യങ്ങൾക്ക് പിന്നിൽ ചതിക്കുഴികളുണ്ട്. പണിയും പണവുമില്ലാതെ ഇരിക്കുന്ന ജനത്തെ മോഹന വാഗ്ദാനങ്ങളിൽ കുടുക്കി റമ്മി ചൂതാട്ടത്തിലേക്ക് നയിക്കുകയാണ് കമ്പനികൾ. എന്നാൽ, നടക്കുന്നത് വൻ തട്ടിപ്പാണെന്ന് വ്യക്തമായിട്ടും ഇതിനെതിരെ രാജ്യത്തെ ഭരണകൂടങ്ങളോ രാഷ്ട്രീയ പാർട്ടികളോ രംഗത്ത് വരാത്തത് ദുരൂഹമാണ്.

രാജ്യത്തെ യുവത്വത്തെ ചൂതാട്ടത്തിൽ നിന്നും തട്ടിപ്പിൽ നിന്നും മാറ്റി നിർത്താനുള്ള ബാധ്യത നമ്മുടെ സർക്കാരുകൾക്ക് ഉണ്ട്. എന്നാൽ കമ്പ്യൂട്ടറും മൊബൈലും ഇന്റർനെറ്റും ഒന്നും പ്രചരണത്തിലില്ലാത്ത കാലത്തെ കാലഹരണപ്പെട്ട ഒരു നിയമവുമായി നോക്കുകുത്തിയായി നിൽക്കുകയാണ് ഇന്ത്യ എന്ന മഹാരാജ്യം. സൈബർ കുറ്റകൃത്യങ്ങൾ ഏറെ വർധിച്ചതോടെ അതിനനുസരിച്ചുള്ള സൈബർ നിയമങ്ങളും ഐ ടി ആക്റ്റുമെല്ലാം പാസാക്കിയ രാജ്യം, 153 വർഷം മുൻപ് നിലവിൽ വന്ന നിയമം കൂടി അടിയന്തിരമായി ഭേദഗതി വരുത്തേണ്ടതുണ്ട്.

1867ൽ പാസാക്കിയ പബ്ലിക്ക് ഗാംബ്ലിങ് ആക്ടാണ് (ഇന്ത്യൻചൂതാട്ട നിയമം-1867) ഇപ്പോഴും രാജ്യത്ത് നിലവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടാൽ കേവലം 200 രൂപ പിഴയോ മൂന്നുമാസം തടവോ ആണ് ശിക്ഷ. ഇതിലാകട്ടെ ഓൺലൈൻ ചൂതാട്ടത്തെ പറ്റി പ്രതിപാദിക്കുന്നില്ല. കൊളോണിയൽ കാലത്തെ ഈ നിയമം ഇന്ന് ഓൺലൈൻ ചൂതാട്ട കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നു എന്നതാണ് വാസ്‌തവം.

നിയമ നിർമ്മാണത്തിന് ഒരുങ്ങേണ്ടത് രാജ്യത്തെ ഭരണകൂടമാണ്. അതിന് പാർലമെന്റ് കൂടുകയും ചർച്ച ചെയ്യുകയും നിയമം പാസാക്കി എടുക്കുകയും വേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു നിർദേശം പോലും ഭരണകൂടമോ ജനപ്രതിനിധകളോ മുന്നോട്ട് വെച്ചിട്ടില്ല. എന്നാൽ, രാജ്യത്തെ ഐക്യത്തിന് വരെ ഭീഷണിയായ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിയമമായി മാറ്റിയത് നാം കണ്ടാതാണ്. ഈ ആവേശമൊന്നും രാജ്യത്തെ യുവത്വത്തെ കാർന്ന് തിന്നാൻ ശേഷിയുള്ള ഒരു ചൂതാട്ടത്തെ തടയുന്നതിൽ ഭരണകൂടത്തിന് ഇല്ല എന്ന് വേണം കരുതാൻ.

ഈ വർഷം ജൂലൈ 24 ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓൺലൈൻ റമ്മി, കാർഡ് ഗെയിംസ് തുടങ്ങിയ പണം വെച്ച് നടത്തുന്ന ചൂതാട്ടങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമം പാസാക്കണമെന്ന് നിരീക്ഷിക്കുകയുണ്ടായി. ഓൺലൈൻ റമ്മിയെ തടയുന്നതിനായി തെലങ്കാന സർക്കാർ 1974 ലെ തെലങ്കാന ഗെയിമിങ് ആക്‌ട് ഈ അടുത്ത കാലത്തായി ഭേദഗതി ചെയ്യുകയുണ്ടായി. ഈ രീതി മറ്റുള്ളവർക്കും പിന്തുടരാമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു. പ്രധാനമായും ഇത്തരം ചൂതാട്ടങ്ങൾ യുവാക്കളുടെ വിലപ്പെട്ട സമയവും ചിന്താശേഷിയും നശിപ്പിക്കുന്നതിനും അത് പിന്നീട് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു എന്നും ജസ്റ്റിസ് പുകളേന്തി കേസ് പരിഗണിക്കവെ നിരീക്ഷിച്ചു.

എന്നാൽ, 1996 ൽ സുപ്രീം കോടതി ഓൺലൈൻ ചൂതാട്ടത്തെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിയ്ക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളെ നിരോധിയ്ക്കാൻ വകുപ്പുകളില്ലെന്ന വിചിത്രമായ വാദഗതിയാണ് സുപ്രീം കോടതി അന്ന് ഉയർത്തിയത്. ഭാഗ്യപരീക്ഷണമല്ല ചൂതാട്ടം, വൈദ്ഗദ്ധ്യത്തിൻ്റെ കളിയാണ് എന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്.

1996 ൽ നിന്നും ടെക്‌നോളജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. ടെക്‌നോളജി വഴിയുള്ള തട്ടിപ്പുകളാകട്ടെ, അന്നത്തെ ചിന്താശേഷിക്ക് അളക്കാൻ സാധിക്കുന്നതിന് അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിരീക്ഷണമാണ് സുപ്രീം കോടതിയുടെ നിരീക്ഷണത്തേക്കാൾ മുകളിൽ നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയും സമാന നിരീക്ഷണമാണ് നടത്താൻ സാധ്യത എന്ന് നമുക്ക് പ്രത്യാശിക്കാം.

കോടതികളുടെ നിരീക്ഷണത്തിനും നിർദേശത്തിനുമപ്പുറം ഇത്തരം ചൂതാട്ട തട്ടിപ്പുകൾക്കെതിരെ നടപടികൾ ഉണ്ടാകണമെങ്കിൽ ഇടപെടൽ നടത്തേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. തെലങ്കാന നിയമത്തിന് സമാന്തരമായുള്ള നിയമങ്ങൾ പാസാക്കുകയോ പുതിയ നിയമങ്ങൾ ഉണ്ടാക്കുകയോ വേണം. ഇതിന് കേന്ദ്ര, സംസ്ഥാന നിയമനിർമാണ സഭകൾ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. പതിവ് രാഷ്‌ട്രീയ വെല്ലുവിളികൾക്കും വാക്ക് തർക്കങ്ങൾക്കും വേദിയാക്കുന്നതിന് പകരം നിയമനിർമാണ സഭയെ അതിന്റെ യഥാർത്ഥ ഉദ്ദേശത്തിലേക്ക് കൊണ്ട് വന്ന് ഇത്തരം തട്ടിപ്പുകളെ പിടിച്ചു കെട്ടാൻ ജനപ്രതിനിധികൾ തയ്യാറാകണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com