യുഎസ് അംബാസിഡർ മീശ എടുത്തു, സൗത്ത് കൊറിയയിൽ ആഘോഷം

ഒരാളുടെ മീശ എടുക്കുന്നതിൽ എന്താണ് ഇത്ര വലിയ കാര്യം. ഇത് എല്ലാ പുരുഷന്മാരും ചെയ്യുന്നത് അല്ലെ. ഇനി ഒരു അമേരിക്കക്കാരൻ ആയത് കൊണ്ടാണോ ഇത്ര പ്രചാരം എന്നൊക്കെയാകും നമ്മുടെ ചിന്ത
യുഎസ് അംബാസിഡർ മീശ എടുത്തു, സൗത്ത് കൊറിയയിൽ ആഘോഷം

യുഎസ് അംബാസിഡർ തന്റെ മീശ എടുത്ത കഥയാണ് ഇപ്പോൾ സൗത്ത് കൊറിയയിൽ ഏറെ പ്രചരിക്കുന്ന വിഷയം. ഒരാളുടെ മീശ എടുക്കുന്നതിൽ എന്താണ് ഇത്ര വലിയ കാര്യം. ഇത് എല്ലാ പുരുഷന്മാരും ചെയ്യുന്നത് അല്ലെ. ഇനി ഒരു അമേരിക്കക്കാരൻ ആയത് കൊണ്ടാണോ ഇത്ര പ്രചാരം എന്നൊക്കെയാകും നമ്മുടെ ചിന്ത. എന്നാൽ സംഗതിക്ക് പിന്നിൽ ദക്ഷിണ കൊറിയൻ ജനതയുടെ ഓർമ്മകളും വികാരങ്ങളുമുണ്ട്.

സൗത്ത് കൊറിയൻ തലസ്ഥാനമായ സോളിലെ അമേരിക്കൻ അംബാസിഡർ ഹാരി ഹാരിസാണ് ഏറെ വിവാദങ്ങൾക്കൊടുവിൽ തന്റെ മീശ എടുത്തത്. സൗത്ത് കൊറിയ ജാപ്പനീസ് കോളനി വത്കരണത്തിന്റെ കീഴിൽ ആയിരുന്നതിന്റെ ഓർമ്മകൾ ഹാരിയുടെ മീശ കാണുമ്പോൾ തികട്ടിവരുന്നതാണ് ഹാരിയുടെ മീശ ഏറെ ചർച്ചാ വിഷയമാകാൻ കാരണമായത്. പ്രാദേശിക മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും അമേരിക്കൻ ഡിപ്ലോമാറ്റ് പ്രതിനിധിയുടെ മീശക്കെതിരെ രംഗത്ത് വന്നു.

സംഗതി ഏറെ വിവാദമായതോടെ യുഎസ് അംബാസിഡർ മീശ എടുത്തു. എന്നാൽ പ്രതിഷേധം മൂലമാണ് മീശയെടുത്തത് എന്ന പ്രചാരണങ്ങളെ തള്ളുകയാണ് ഹാരി ഹാരിസ്. ഏറെ ചൂടുള്ള ഈ കാലാവസ്ഥയിൽ മാസ്‌ക് സുരക്ഷിതമായി ധരിക്കുന്നതിനാണ് മീശ എടുത്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കോവിഡ് പ്രോട്ടോകോൾ പ്രകാരം മാസ്‌ക് ധരിക്കുന്നതാണ് കാര്യമെന്ന് അദ്ദേഹം പറയുന്നു.

1910 മുതൽ 1945 വരെ ജപ്പാന് കീഴിലായിരുന്നു ദക്ഷിണ കൊറിയ. തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും മോശം കാലഘട്ടമായാണ് കൊറിയക്കാർ ഈ കാലഘട്ടത്തെ കാണുന്നത്. ദക്ഷിണ കൊറിയയെ അടക്കി ഭരിച്ചിരുന്ന ജപ്പാൻ ഗവർണർമാരുടെ അടയാളമായിരുന്നു പ്രത്യേകരീതിയിൽ ഒതുക്കി വെട്ടിയ മീശ. ജപ്പാന്റെ കീഴിൽ അനുഭവിച്ച അടിമത്തത്തിന്റെയും ദുരിതങ്ങളുടെയും ഓർമ്മയാണ് അവർക്ക് ഈ മീശ. അതേമീശയുമായി ഒരു അമേരിക്കൻ പ്രതിനിധി വീണ്ടും തങ്ങളുടെ രാജ്യത്ത് എത്തിയതാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്.

സംഗതി കൂടുതൽ വഷളാക്കിയത്, ഹാരി ഹാരിസിന്റെ ജനനം ജപ്പാനിൽ ആയിരുന്നു എന്നതാണ്. ഇതോടെ ആരോപണങ്ങളും രൂക്ഷമായി. പഴയ ജപ്പാൻ ഗവർണർമാരുടെ ഫാഷൻ അവലംബിക്കുകയാണ് എന്നതുൾപ്പെടെ കുറ്റപ്പെടുത്തൽ ഉണ്ടായി. എന്തായാലും ഒടുവിൽ കഴിഞ്ഞ ദിവസം ഹാരി മീശ എടുത്തതോടെ വിവാദങ്ങൾക്ക് പരിസമാപ്തിയായി. ക്ലീൻ ഷേവ് മുഖത്തിലാണ് അമേരിക്കൻ ഡിപ്ലോമാറ്റ് കൂടുതൽ സുന്ദരാനയിരിക്കുന്നത് എന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ പറയുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com