ഇറാഖ്- യുഎസ് ഭരണകൂട അകലം വർദ്ധിക്കുന്നു

ബാഗ്ദാദിലെ സ്ഥാപനതി കാര്യാലയം അടച്ചുപൂട്ടിയേക്കുമെന്ന മുന്നറിയിപ്പ് നൽകി യുഎസ്.
ഇറാഖ്- യുഎസ് ഭരണകൂട അകലം വർദ്ധിക്കുന്നു

വാഷിങ്ടണ്‍: ബാഗ്ദാദിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ് ഭരണകൂടം. ഇറാഖി- യുഎസ് ഭരണകൂടങ്ങൾക്കിടയിൽ അകലം വർദ്ധിക്കുന്നതിൻ്റെ സൂചനകൾ ശക്തിപ്പെടുന്നതിൻ്റെ പ്രതിഫലനം കൂടിയാണിത്.

യുഎസിനും രാജ്യത്തിൻ്റെ താല്പര്യങ്ങൾക്കുമെതിരെ ഇറാഖി ഭരണത്തിൻ കീഴിൽ ആക്രമണങ്ങൾ തുടരുകയാണ്. ഇതിനു ഉത്തരവാദികളായവരെ നിയന്ത്രിക്കാൻ നടപടിയെടുക്കണം. ഇല്ലെങ്കിൽ ബാഗ്ദാദിലെ സ്ഥാപനതി കാര്യാലയം അടച്ചുപൂട്ടിയേക്കുമെന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു യുഎസ് ഭരണകൂടം. സെപ്തംബർ 28 നാണ് യുഎസ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയത് - എപി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഇറാഖ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും തങ്ങളുടെ മുന്നറിയിപ്പിൻ്റെ ഗൗരവം വ്യക്തമായിട്ടുണ്ട്. മുന്നറിയിപ്പ് പക്ഷേ അന്ത്യശാസനമല്ലെന്ന് നയതന്ത്ര ചർച്ചകളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താതെ ഉദ്യോഗസ്ഥർ പറഞ്ഞു.

യുഎസ് ഉദ്യോഗസ്ഥരുടെ ജീവനും സ്വത്തിനുമെതിരെ ഭീഷണി നിലനിൽക്കുകയാണ്. ഇക്കാര്യത്തെ ഗൗരവത്തോടെ സമീപിക്കുന്നതിൽ ഇറാഖി ഭരണാധികാരികൾക്ക് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ലെന്നും പേര് പരസ്യമാക്കാതെ യു എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാഖ് പ്രസിഡന്റ് ബ്രഹം സ്വാലിഹ - യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ടെലിഫോൺ സംഭാഷണത്തിലാണ് ഇറാഖിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കുവാൻ യുഎസ് ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞത്. യുഎസിൻ്റെ ഈ നീക്കം ഗൗരവമേറിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്ക ഇറാഖി നേതൃത്വത്തെ വല്ലാതെ അലട്ടുന്നുണ്ട്.

ഇറാഖിലെ യുഎസ് നയതന്ത്ര കാര്യാലയത്തെയും അതിൻ്റെ ഉദ്യോഗസ്ഥ സംഘത്തെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ അമേരിക്കൻ സ്ഥാനപതി കാര്യാലയം അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കും. ആക്രമണത്തിന് ഉത്തരവാദികളായ സായുധ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ പ്രത്യാക്രമണുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റസ് സെക്രട്ടറി പോംപിയോ പറഞ്ഞു.

അമേരിക്കൻ സ്ഥാനപതി കാര്യാലയം അടച്ചുപൂട്ടുവാനുള്ള നടപടികൾക്ക് രൂപം നൽകുകയാണെന്ന് ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയോട് സെപ്തംബർ 26 ന് പോംപിയോ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെയും പക്ഷേ അമേരിക്കൻ ഭരണകൂടത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറാനുമായുള്ള ഉപരോധ സമയപരിധിയിൽ ഇറാഖിന് 120 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇറാഖിൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറാനിൽ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിനായിരുന്നു നിർണായകമായ ഈ ഇളവ്. കഴിഞ്ഞ ആഴ്ച ഇത് പക്ഷേ 60 ദിവസമാക്കി ചുരുക്കി. ഇളവ് വെട്ടിച്ചുരുക്കിയത് യുഎസ്- ഇറാഖ് ബന്ധത്തിലുടലെടുത്ത പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണ്. ഇളവ് ഇല്ലാതാകുന്നതോടെ യുഎസ് ഡോളറിൻ്റെ അലഭ്യത സൃഷ്ടിച്ചേക്കും. ഇത് ഇറാഖിൻ്റെ ഇറക്കുമതി- സാമ്പത്തിക ഇടപ്പാടുകളെ ബാധിച്ചേക്കും.

സ്ഥാനപതി കാര്യാലയം അടയ്ക്കുന്നതിനെക്കുറിച്ച് യുഎസ് ഇനിയും അന്തിമമായി പറഞ്ഞിട്ടില്ല. ഇതിനിടെ രണ്ട് മാസ ഇളവിനുള്ളിൽ നടപടിയെടുക്കാനുള്ള സാവകാശം ലഭിക്കുന്നുവെന്ന ധാരണയിലാണ് ഇറാഖ് ഉദ്യോഗസ്ഥർ.

രണ്ട് മാസത്തിനുള്ളിൽ ഇറാഖ് സർക്കാർ എന്ത് നടപടികളെടുക്കുമെന്ന് അമേരിക്ക നിരീക്ഷിക്കും ഈ വേളയിൽ യു‌സ് നയതന്ത്ര ദൗത്യങ്ങൾ, സൈനിക താവളങ്ങൾ, ലോജിസ്റ്റിക് വാഹന വ്യൂഹങ്ങൾ എന്നിവ ലക്ഷ്യമിടുന്നതിൽ നിന്ന് അൽ കാദിമിയുടെ ഭരണകൂടം പിന്മാറണം. അല്ലെങ്കിൽ കർശന നടപടികളുണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു

പ്രധാനമന്ത്രി അൽ കാദിമി, പ്രസിഡൻ്റ് സ്വാലിഹ്, പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബ സി എന്നിവർ സെപ്തംബർ 27 ന് യോഗം ചേർന്നു. ആയുധങ്ങൾ താഴെ വയ്ക്കുന്നതിനും നയതന്ത്ര ദൗത്യങ്ങളെ ലക്ഷ്യമിടുന്നത് തടയുന്നതിനുമുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി മൂവരും യോഗത്തിൽ പറഞ്ഞു. യുഎസ് നയതന്ത്ര സ്ഥാപനങ്ങൾ നിലകൊള്ളുന്ന ഹരിത മേഖലയ്ക്കുള്ളിൽ സുരക്ഷാ സേനകളെ ഇറാഖി അധികൃതർ പുനർവിന്യസിച്ചു.

കനത്ത കാവലുള്ള ഹരിത മേഖലയ്ക്കുള്ളിലെ യുഎസിന്റെ വിശാലമായ നയതന്ത്ര കാര്യാലയം അടയ്ക്കുന്ന പ്രക്രിയ ആരംഭിച്ചതായി വിവരം ലഭിച്ചതായി രണ്ട് പാശ്ചാത്യ നയതന്ത്രജ്ഞർ പറഞ്ഞു. യുഎസ് സ്ഥാനപതി കാര്യാലയം ഇതേകുറിച്ച് പ്രതികരിക്കാൻ പക്ഷേ വിസമ്മതിച്ചു.

യുഎസ് സ്ഥാനപതി കാര്യാലയം അടച്ചുപൂട്ടുന്നത് സങ്കീർണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയായിരിക്കുമെന്ന് പറയുന്നു. കൊറോണ വൈറസും സുരക്ഷാ ഭീഷണികളും കാരണം സ്ഥാനപതി കാര്യാലയം മാർച്ച് മുതൽ മിനിമം തലങ്ങളിൽ മാത്രമെ പ്രവർത്തിക്കുന്നുള്ളൂ. നയതന്ത്ര ഗ്രീൻ മേഖലക്കുള്ളിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടാൽ അടച്ചുപൂട്ടൽ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ യുഎസ് സന്നദ്ധമായേക്കുമെന്ന സൂചനകളുമുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയും ഇറാഖി നേതൃത്വവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസമ്മതിച്ചു, പക്ഷേ തങ്ങൾക്ക് നേരെയുള്ള ഭീഷണികൾ സഹിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.

ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളുടെ പ്രവർത്തനങ്ങൾ ഇറാഖിൽ സജീവമാണ്. അത് ഇറാഖിൻ്റ സ്ഥിരതക്ക് തടസ്സമായി തുടരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ‌ സ്ഥിരമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ യുഎസ് സ്ഥാനപതി കാര്യാലയത്തിൽ റോക്കറ്റ് ആക്രമണം നടത്തുന്നു. ഇറാഖിലെ അമേരിക്കക്കാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നു. ഇറാഖിലെ ക്രമസമാധാനപാലനത്തിന് ഇത് കടുത്ത ഭീഷണിയാണ്. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ ഇത്തരം അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിചേർത്തു.

ആക്രമപ്രവർത്തനങ്ങൾക്കുനേരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിലപാട് കടുപിക്കുമ്പോഴും യുഎസ് സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്. ബാഗ്ദാദിന് തെക്കുപടിഞ്ഞാറായി യുഎസ് സേനയുടെ വസ്തുക്കൾ വഹിച്ചുകൊണ്ടുള്ള വാഹന വ്യൂഹത്തിന് നേരെ ബോംബാക്രമണമുണ്ടായതായി രണ്ട് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന മൂന്നാമത്തെ ആക്രമണമാണിത്. ബാബിലോൺ, ദിഖാർ പ്രവിശ്യകളിൽ യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഉഗ്രശേഷിയുള്ള ബോംബ് ആക്രമണങ്ങളുണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com