ഇറാൻ; സുരക്ഷാ കൗൺസിലിൽ കൊമ്പുകോർക്കൽ തുടരുന്നു
world

ഇറാൻ; സുരക്ഷാ കൗൺസിലിൽ കൊമ്പുകോർക്കൽ തുടരുന്നു

സ്നാപ്പ്ബാക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ ശ്രമത്തിനെതിരെ യുഎൻ‌എസ്‌സി പ്രസിഡന്റ്.

News Desk

News Desk

ന്യൂയോര്‍ക്ക്: ഇറാൻ വിരുദ്ധ പ്രമേയം പരാജയപ്പെട്ടതോടെ യുഎൻ സുരക്ഷാ കൗൺസിൽ ചെയർമാനും യുഎസ് ഭരണകൂടവും തമ്മിൽ കൊമ്പുകോർക്കുന്ന കാഴ്ചയാണ് രാജ്യാന്തര രാഷ്ട്രീയത്തിൽ. ഇറാനെതിരെ സ്നാപ്പ്ബാക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ ശ്രമത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) പ്രസിഡന്റ് ട്രിയാൻ‌സിയ ജാനി പറഞ്ഞു. ജാനിയുടെ ഈ നിലപാടാണ് യുഎസ് ഭരണകൂടത്തെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇന്തോനേഷ്യയുടെ യുഎൻ സ്ഥാനപതി ഡിയാൻ ട്രിയാൻ‌സിയ ജാനിയാണീപ്പോൾ യു‌എൻ‌എസ്‌സി അദ്ധ്യക്ഷൻ. മിഡിൽ ഈസ്റ്റ് കൗൺസിൽ യോഗത്തിൽ റഷ്യയുടെയും ചൈനയുടെയും ചോദ്യത്തിന് മറുപടിയായി ആഗസ്ത് 18 നാണ് ഇക്കാര്യം യു‌എൻ‌എസ്‌സി അദ്ധ്യക്ഷൻ വ്യക്തമാക്കിയത്.

യു‌എൻ‌എസ്‌സി അദ്ധ്യക്ഷൻ്റെ ഈ നിലപാട് അമേരിക്കൻ എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. തീവ്രവാദ രാജ്യങ്ങളെ എതിർക്കുന്ന രാജ്യങ്ങളെ എതിർക്കുന്ന നിലപാടിലാണ് യു‌എൻ‌എസ്‌സി അദ്ധ്യക്ഷനെന്ന് യുഎനിലെ യുഎസ് സ്ഥാനപതി ആരോപിച്ചു.

ഇറാൻ വിഷയത്തിൽ അമേരിക്കക്ക് യുഎൻ സുരക്ഷ കൗൺസിലിൽ പരിമിതമായ പിന്തുണയെയുള്ളൂ. എങ്കിലും ട്രംപ് ഭരണകൂടത്തിന് ഇതിൽ ഭയമില്ല. സുരക്ഷാ കൗൺസിലിലെ മറ്റ് അംഗങ്ങൾക്ക് വഴി തെറ്റിപ്പോയതിൽ താൻ ഖേദിക്കുന്നു. അവർ ഇപ്പോൾ തീവ്രവാദികളുടെ കൂട്ടായ്മയിലാണ് - മിഡിൽ ഈസ്റ്റ് കൗൺസിൽ യോഗത്തിൽ യു‌എൻ‌എസ്‌സി അദ്ധ്യക്ഷൻ ജാനിക്ക് ശേഷം സംസാരിച്ച യുഎനിലെ യുഎസ് സ്ഥാനപതി കെല്ലി ക്രാഫ്റ്റ് വ്യക്തമാക്കി.

ഇറാൻ ഉപരോധത്തിനുള്ള സ്നാപ്പ്ബാക്ക് ശ്രമങ്ങളിൽ നിന്ന് യുഎസ് പിന്മാറുമെന്ന പ്രതീക്ഷിക്കുന്നതായി റഷ്യയുടെ യുഎൻ സ്ഥാനപതി വാസിലി നെബെൻസിയ പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. അമേരിക്കൻ ലക്ഷ്യം സാധൂകരിക്കപ്പെടില്ല - നെബെൻസിയ കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ കാലഹരണപ്പെടുന്ന ഇറാൻ ആയുധ ഉപരോധം നീട്ടാനുള്ള യുഎസ് ശ്രമം യുഎൻ‌എസ്‌സി യിൽ പരാജയപ്പെട്ടിരുന്നു. 15 അംഗ യുഎൻ‌എസ്‌സിയിൽ യുഎസ് നീക്കത്തെ ജമൈക്ക മാത്രമാണ് പിന്തുണച്ചത്.

ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ വീണ്ടും നടപ്പാക്കാനുള്ള അമേരിക്കയുടെ ശ്രമം അവസാനിപ്പിക്കുന്നതിന് ഇന്തോനേഷ്യൻ നിലപാട് വഴിവയ്ക്കുമോയെന്നത് ഇനിയും വ്യക്തമല്ല.

ഇതിനിടെ, താൻ വീണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇറാനുമായി നാല് ആഴ്ചക്കുള്ളിൽ കരാറിലെത്തുമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവന രാജ്യാന്തര രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി.

ഇറാനെതിരായ യുഎസിന്റെ പരമാവധി സമ്മർദ്ദ നയം പരാജയപ്പെട്ടു. ഇറാനെതിരെയുള്ള നീക്കത്തിൽ യുഎസ് മാപ്പ് ചോദിക്കുകയും 2015 ലെ ആണവ കരാറിലേക്ക് മടങ്ങുകയും ചെയ്താൽ ടെഹ്‌റാൻ വാഷിംഗ്ടണുമായി ധാരണയിലെത്തും - നവംബറിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇറാനുമായി യുഎസിന് കരാറിലെത്താമെന്ന് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഇറാൻ പ്രസിഡൻ്റ് റൂഹാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇറാനിൽ ജനങ്ങളെ തെരുവിലിറക്കി ഇറാനിയൻ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇത്തരം രീതികളൊന്നും വിലപോവില്ലെന്ന് യുഎസിന് ബോധ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷമുള്ള യുഎസ് ഭരണകൂടം ഇറാൻ നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റൂഹാനി കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com