യുഎന്‍ ജനറൽ അസംബ്ലിയിലും യുഎസിന് തിരിച്ചടി; മഹാമാരി പ്രമേയത്തിന് അംഗീകാരം

ജനറൽ അസംബ്ലി അംഗീകരിച്ച മൂന്നാമത്തേതും വിപുലവുമായ പ്രമേയമാണിത്.
യുഎന്‍ ജനറൽ അസംബ്ലിയിലും യുഎസിന് തിരിച്ചടി; 
മഹാമാരി പ്രമേയത്തിന് അംഗീകാരം

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരി പരിഹാര നടപടികളെ മുൻനിര്‍ത്തി വിശാലമായ പ്രമേയത്തിന് ഐക്യരാഷ്ടസഭ ജനറൽ അസംബ്ലിയുടെ അംഗീകാരം. അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിർപ്പിനെ മറികടന്നാണ് മഹാമാരി പ്രമേയം. ഇറാനെതിരെ ഉപരോധം നീട്ടണമെന്നതിൽ യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണിത്.

കോവിഡു വേളയിൽ ഏകപക്ഷീയമായ സാമ്പത്തിക-വാണിജ്യ ഉപരോധങ്ങളെ എതിർക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ക്യൂബൻ ഭേദഗതിയോടെയാണ് പ്രമേയം. സെപ്തംബർ 11നാണ് ജനറൽ അസംബ്ലി മഹാമാരി പ്രമേയത്തിന് അംഗീകാരം നൽകിയത്.

193 അംഗ ജനറൽ അസംബ്ലിയിൽ 169-2 വോട്ടുകളോടെയാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. ഉക്രൈനും ഹംഗറിയും വിട്ടുനിന്നു. സമവായത്തോടെ പ്രമേയമെന്നായിരുന്നു പ്രതീക്ഷ. യുഎസും ഇസ്രായേലും പ്രതീക്ഷ തെറ്റിച്ചു. എന്നിരുന്നാലും യുഎൻ ജനറൽ അസംബ്ലിയുടെ ഐക്യത്തിന്റെ ശക്തമായ പ്രകടനമായി മഹാമാരി പ്രമേയം. നിയമപരമായിത് ബാധകമല്ല. എങ്കിലും ജനറൽ അസംബ്ലി അംഗീകരിച്ച മൂന്നാമത്തേതും വിപുലവുമായ പ്രമേയമാണിത്. ഏപ്രിൽ രണ്ടിനും 20 നുമാണ് മറ്റു രണ്ടു പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടത്.

ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയാണ് കോവിഡ് 19 മഹാമാരി. ഗുണനിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവും സർവ്വർക്കും പ്രാപ്യമായതുമായ രോഗനിർണ-ചികിത്സ സംവിധാനങ്ങൾ-മരുന്നുകൾ-വാക്സിനുകൾ വികസിപ്പിച്ചെടുക്കണം. എല്ലാ രാജ്യങ്ങളിലും അവ സമയബന്ധിതമായി ലഭ്യമാക്കപ്പെടണമെന്നും സെപ്തംബർ 11 ലെ പ്രമേയം പറയുന്നു.

ഐക്യരാഷ്ട്രസഭ ക്രൊയേഷ്യൻ സ്ഥാനപതി ഇവാൻ സിമോനോവും അഫ്ഗാൻ സ്ഥാനപതി അഡെല റാസുമാണ് പ്രമേയത്തിന്റെ കരടിന് രൂപം നൽകിയത്. പ്രമേയം മഹാമാരിയെ നേരിടുവാനുള്ള ആഹ്വാനം മാത്രമല്ല ജീവൻ പൊലിഞ്ഞവർക്കുള്ള ആദരാഞ്ജലിയാണ്. ലോകമെമ്പാടം 900000 ത്തിലധികം ജീവൻ പൊലിഞ്ഞു. 25 ദശലക്ഷത്തിലധികം രോഗബാധിതരാണ് - അഫ്ഗാൻ സ്ഥാനപതി അഡെല റാസ് ജനറൽ അസംബ്ലിയിൽ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം ആദ്യമായി അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൻ്റെ പിടിയലാണ്. ലോകം വിശപ്പിൻ്റെ പിടിയിലാണ്. അസമത്വവും ദാരിദ്ര്യവും ഗ്രാഫ് ഉയർത്തുകയാണ്. ഐക്യരാഷ്ട്ര സഭ രൂപീകരണത്തിന് ശേഷം ഇതഃപര്യന്തം ഇത്തരമൊരു ദുരന്ത സാഹചര്യമുണ്ടായിട്ടില്ല - അഫ്ഗാൻ സ്ഥാനപതി വിശദമാക്കി.

പ്രമേയം അംഗീകരിക്കുന്നതിൽ സമവായമുണ്ടായില്ല. എങ്കിലും 2030 ലേക്കുള്ള യുഎൻ ലക്ഷ്യങ്ങൾ സാധുകരിക്കപ്പെടുന്നതിലുള്ള ലോക രാഷ്ട്രങ്ങളുടെ പ്രതിജ്ഞാബദ്ധത ശ്രദ്ധേയമായി. ദാരിദ്ര്യ നിർമ്മാർജ്ജനം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം തുടങ്ങിവയാണ് 2030 ലേക്കുള്ള ലക്ഷ്യങ്ങൾ. പകർച്ചവ്യാധികൾ വിട്ടൊഴിഞ്ഞതിനുശേഷം ഈ ദിശയിലുള്ള ഊന്നൽ ഊർജ്ജിതമാക്കുമെന്ന് റാസ് പറഞ്ഞു.

2030 നുള്ളിൽ ലക്ഷ്യമിട്ടവ കൈവരിക്കുന്നതിനായുള്ള ശ്രമം തുടരുമ്പോൾ തന്നെ കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടണം. ഇതിനായ് ദൃഢ നിശ്ചയവും ധീരവും ഏകീകൃതവുമായ നടപടികളോടെ മുന്നേറണമെന്ന് എല്ലാ അംഗ രാജ്യങ്ങളോടും പങ്കാളികളോടും പ്രമേയം ആവശ്യപ്പെടുന്നു.

സാമ്പത്തിക വ്യവസ്ഥയിൽ പ്രത്യേകിച്ച് എല്ലാ വികസ്വര രാജ്യങ്ങൾ കൂടുതൽ പണലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പശ്ചാത്തലത്തിൽ നിർജ്ജീവമായ സാമ്പത്തിക വ്യവസ്ഥകളെ സജീവമാക്കുന്നതിനാണിത്. സമഗ്രവും നീതിപൂർവ്വകവുമായ സാമൂഹിക പരിവർത്തനമാണ് ആവശ്യം. ഇതിലൂടെ സ്ത്രീകളും പെൺകുട്ടികളെയും ശാക്തീകരിക്കപ്പെടുമെന്ന് റാസ് ജനറൽ അസംബ്ലിയിൽ വ്യക്തമാക്കി.

ഐക്യദാർഢ്യത്തിൻ്റെയും ബഹുമുഖത്വത്തിന്റെയും പാതയി ലാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളും. രാഷ്ട്രീയ ഇച്ഛാശക്തിയും സാമ്പത്തിക വിഭവങ്ങളും സമാഹരിക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് പ്രമേയം - ഇത് ക്രൊയേഷ്യൻ സ്ഥാനപതി ഇവാൻ സിമോനോവിൻ്റെ വാക്കുകൾ.

കോവിഡ് 19 തടയുന്നതിനും ആരോഗ്യമേഖല പുഷ്ഠിപ്പെടുത്തുന്നതിനും തൊഴിൽ - ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുന്നതിനും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഏറെ അനിവാര്യമായ കാലമാണിതെന്ന് സിമോനോവ് പറഞ്ഞു.

കോവിഡ് 19 നെ മറികടക്കാൻ ലോകം ശ്രമിക്കവെ തന്നെ നിക്ഷേപങ്ങളെയും ആഭ്യന്തര നയങ്ങളെയും യുഎൻ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുക. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള 2015 പാരീസ് കരാറിൽ ഊന്നൽ നൽകുക. കാലാവസ്ഥ - പരിസ്ഥിതി പരിപാലന സമീപനം സ്വീകരിക്കുകയെന്നതും യുഎൻ അംഗ രാജ്യങ്ങളോട് പ്രമേയം അഭ്യർത്ഥിക്കുന്നു.

ഗുണനിലവാരവും സുരക്ഷിതവും ഫലപ്രദവുമായ ആരോഗ്യ സാങ്കേതിക വിദ്യകൾ ത്വരിതഗതിയിൽ വികസിപ്പിക്കുക. അവ സാർവത്രികമായി സർവ്വർക്കും പ്രാപ്യമാകുന്ന ദിശയിൽ ന്യായമായ വിതരണം സുസാധ്യമാക്കപ്പെടണം. ഇക്കാര്യത്തിൽ അനാവശ്യതടസ്സങ്ങൾ അടിയന്തിരമായി നീക്കംചെയ്യുക. ഈ ദിശയിലൂന്നിയുള്ള ക്യൂബൻ സ്ഥാനപതിയുടെ ഭേദഗതികൾ അംഗീകരിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമായി.

ലൈംഗികവും പ്രത്യുൽപാദനവുമായ ആരോഗ്യത്തിന് സ്ത്രീകളുടെ അവകാശങ്ങൾ. ആഗോള സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പക്കൽ. ഇതുസംബന്ധിച്ച രണ്ട് ഖണ്ഡികകൾ പ്രമേയത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള അമേരിക്കൻ ശ്രമം വിലപ്പോയില്ല.

ലോകാരോഗ്യ സംഘടനയെക്കുറിച്ചുള്ള പ്രമേയത്തിലെ പരാമർശങ്ങളെയും അമേരിക്ക എതിർത്തു. ചൈനയിലെ കൊറോണ വൈറസ് വ്യാപനം ലോകത്തെ അറിയിക്കുന്നതിൽ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടന ഗുരുതര വീഴ്ചവരുത്തിയെന്ന ആരോപണം ട്രംപ് ആദ്യമേ ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ലോകാരോഗ്യ സംഘടനക്ക് ഇനി മുതൽ ധനസഹായം നൽകേണ്ടതില്ലെന്നും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിൽ നിന്ന് ലോകാരാഗ്യേ സംഘടനയെക്കുറിച്ച പരാമർശം ഒഴിവാക്കാൻ യുഎസ് ഭരണകൂടം ശ്രമിച്ചത്.

സെപ്തംബർ 11 ലെ പ്രമേയത്തിന് മുന്നോടിയായി കോവിഡ് വേളയിൽ രണ്ട് പ്രേമയങ്ങൾ യുഎൻ ജനറൽ അസംബ്ലിയിൽ അംഗീകരിക്കപ്പെട്ടിരുന്നു. മഹാമാരിയുടെ അഭൂതപൂർവ്വമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് കൊറോണ വൈറസിനെ പ്രതിരോധിക്കാനും ലഘൂകരിക്കാനും ഇല്ലാഴ്മ ചെയ്യുവാനും അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഏപ്രിൽ രണ്ടിന് ആവശ്യപ്പെട്ടിരുന്നു.

മഹാമാരിയെ നേരിടാൻ വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ അതിവേഗം വികസിപ്പിച്ചെടുത്ത് ഉല്പാദിപ്പിക്കുവാന്‍ ആഗോള കർമ്മ പരിപാടി ത്വരിതപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് ഏപ്രിൽ 20 ന് മെക്സിക്കോ സ്പോൺസർ ചെയ്ത പ്രമേയം അംഗീകരിച്ചിരുന്നു.

അവലംബം: എപി ന്യൂസ് ഏജൻസി

Related Stories

Anweshanam അന്വേഷണം
www.anweshanam.com