നിങ്ങളുടെ യുഎഇ വിസ കാലാവധിയും സ്റ്റാറ്റസും ഇനി എളുപ്പത്തിൽ പരിശോധിക്കാം; വഴികൾ അറിയാം

അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സെക്ഷനിലൂടെ ഇനി വിസ കാലാവധി സംബന്ധിച്ച കാര്യങ്ങൾ അറിയാം
നിങ്ങളുടെ യുഎഇ വിസ കാലാവധിയും സ്റ്റാറ്റസും ഇനി എളുപ്പത്തിൽ പരിശോധിക്കാം; വഴികൾ അറിയാം

നിങ്ങൾ യു എ ഇ വിസക്ക് വേണ്ടി അപേക്ഷിച്ച് അതിന്റെ സ്റ്റാറ്റസ് അറിയാൻ വേണ്ടി കാത്തിരിക്കുകയാണോ, അല്ലെങ്കിൽ നിങ്ങളുടെ വിസ കാലാവധി എന്ന് അവസാനിക്കും എന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണോ?. ഇതാ നിങ്ങൾക്ക് ഇനി എളുപ്പത്തിൽ അവ കണ്ടെത്താം. കോവിഡ് മൂലം യു എ ഇ ലേക്ക് മടങ്ങാൻ സാധിക്കാത്തവർക്കും മറ്റും ഏറെ ഉപകാരപ്രദമാകുന്നതാണ് ഇത്.

സാധാരണ ഗതിയിൽ റസിഡന്റ് വിസക്കാർ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്തിട്ടുള്ള പേജിൽ നിന്നും വിസയുടെ കാലാവധി നോക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ പാസ്സ്‌പോർട്ട് ഇപ്പോഴും കയ്യിൽ കൊണ്ട് നടക്കുക സാധ്യമല്ല. ഈ അവസരത്തിൽ നിങ്ങളുടെ വിസ കാലാവധി അറിയേണ്ട ഒരു ആവശ്യം വന്നാൽ ഇനി അത് എളുപ്പത്തിൽ ഓൺലൈനിൽ നിന്ന് അറിയാൻ സാധിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (FAIC) ആണ് യു എ ഇ വിസ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സെക്ഷനിലൂടെ ഇനി വിസ കാലാവധി സംബന്ധിച്ച കാര്യങ്ങൾ അറിയാം. ഇതിനായി നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത് രണ്ട് കാര്യങ്ങൾ മാത്രമാണ്. ഒന്ന് പാസ്പോർട്ട് നമ്പറും, രണ്ട് പാസ്‌പോർട്ടിന്റെ കാലാവധി തിയ്യതിയും. ഇവ ഉണ്ടെങ്കിൽ വിസ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.

ഈ രണ്ട് വിവരങ്ങളുമോ അല്ലെങ്കിൽ നിങ്ങളുടെ പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത കോപ്പിയോ ഉണ്ടെങ്കിൽ വിസ സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കും. https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന വെബ്സൈറ്റ് വഴിയാണ് ഇതിനായി കയറേണ്ടത്.

ഇതിലെ ആദ്യ ഓപ്ഷനിൽ Passport Information എന്ന ഓപ്ഷൻ select ചെയ്യുക. ശേഷം അതിന് താഴെയായുള്ള Residency എന്ന ഓപ്ഷനും select ചെയ്യുക. തുടർന്ന് നിങ്ങളുടെ നിങ്ങളുടെ പാസ്പോർട്ട് നമ്പറും പാസ്പോർട്ട് കാലാവധി തിയ്യതിയും നൽകുക.

ശേഷം, നിങ്ങളുടെ Nationality സെലക്ട് ചെയ്യുക. തുടർന്നുള്ള ബോക്സിൽ നിങ്ങൾ ഓരോ റോബോട്ട് അല്ല എന്ന് തെളിയിക്കുന്നതിനായി I am not a robot എന്നതിന് സമീപത്തെ കോളത്തിൽ ക്ലിക്ക് ചെയ്‌ത്‌ തുടർന്ന് നൽകിയിട്ടുള്ള CAPTCHA താഴെയുള്ള ബോക്സിൽ കൃത്യമായി രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ വിസ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.

മറ്റൊരു രീതിയിലും നിങ്ങളുടെ വിസ കാലാവധി നിങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. എന്നാൽ ഇത് എമിറേറ്റ്സ് ഐഡി കയ്യിൽ ഉള്ളവർക്ക് മാത്രമാണ്. എമിറേറ്റ്സ് ഐഡിയുടെ പുറകെ വശത്ത് നിങ്ങളുടെ Date of BIrth വിവരം നൽകിയിട്ടുള്ളതിന് സമീപത്തായി നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ കാലാവധിയും നൽകിയിട്ടുണ്ടാകും. ഇത് തന്നെയാണ് നിങ്ങളുടെ വിസയുടെ കാലാവധി തിയ്യതിയും. വിസ കാലാവധി അവസാനിച്ചാൽ ഒരു മാസത്തിനുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് യു എ ഇ നിയമം. അതിനാൽ നിങ്ങളുടെ വിസകൾ കൃത്യമായി തന്നെ പുതുക്കേണ്ടതുണ്ട്.

Related Stories

Anweshanam
www.anweshanam.com