യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം; ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്

ബൈഡന്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥ.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം; ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍ ഒ മെല്ലി ധില്ലന്‍ പറഞ്ഞു.

പതിനാല് സംസ്ഥാനങ്ങളില്‍ ബൈഡന്റെ ലീഡ് കുറഞ്ഞതാണ് പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നത്. ‘അലസമനോഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിത്. പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും’, ധില്ലന്‍ പറഞ്ഞു.

രാജ്യത്തെ ക്രമസമാധാന പാലനം തങ്ങള്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്ന നിലയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ക്രമസമാധാന നില തകരാറിലാക്കിയെന്നാണ് ഇവരുടെ ആരോപണം. ഇതിന് കാരണക്കാരന്‍ ജോ ബൈഡനാണെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം.

അതേസമയം കോവിഡ് 19 ആണ് ഡെമോക്രാറ്റുകളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. ഇപ്പോഴെത്തെ എല്ലാ അഭിപ്രായ സര്‍വ്വേകളിലും ജോ ബൈഡന്‍ വിജയിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍ 2016 ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആരും ഇതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അമേരിക്കയില്‍നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അവസാന നിമിഷം വരെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്‍ വിജയിക്കുമെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറി മറയുകയായിരുന്നു. അന്ന് എന്‍ബിസി ന്യൂസും വാള്‍സ്ട്രീറ്റ് ജേണലും നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഹിലരിക്ക് ലഭിച്ചത് 10 ശതമാനം ലീഡ് ആയിരുന്നു. ഇന്ന് ഇതേ സര്‍വ്വേയില്‍ ബൈഡന് 11 ശതമാനത്തിന്റെ ലീഡാണ് പ്രവചിച്ചിരിക്കുന്നത്.

അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള ഇലക്ടറല്‍ വോട്ടുകളാണ് വിജയം നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ട് കൂടുതല്‍ ലഭിച്ചത് ഹിലരി ക്ലിന്റണായിരുന്നു. ഏകദേശം 48 ശതമാനം പോപ്പുലര്‍ വോട്ടാണ് ഹിലരിക്ക് ലഭിച്ചത്.

ട്രംപിന് ലഭിച്ച പോപ്പുലര്‍ വോട്ടുകളുടെ എണ്ണം 46 ശതമാനമായിരുന്നു. എന്നാല്‍ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ട്രംപിനായിരുന്നു. 306 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ഹിലരിക്ക് ലഭിച്ചത് 232 വോട്ട് മാത്രമായിരുന്നു.

Related Stories

Anweshanam
www.anweshanam.com