ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
world

ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്ന തുര്‍ക്കി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം

News Desk

News Desk

ഇറാഖ്: രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്ന തുര്‍ക്കി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം - അല്‍ ജസീറ റിപ്പോര്‍ട്ട്. തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ടവരുടെ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി അങ്കാറ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.

എര്‍ബിലിന് വടക്ക് ബ്രാഡോസ്റ്റ് പ്രദേശത്തെ ഇറാഖ് അതിര്‍ത്തി കാവല്‍ക്കാരുടെ വാഹനത്തിനെതിരെയാണ് ഡ്രോണ്‍ ലക്ഷ്യമിട്ടതെന്ന് സൈന്യം ആഗസ്ത് 11 ന് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് അതിര്‍ത്തി ഗാര്‍ഡ് ബറ്റാലിയന്‍ കമാന്‍ഡര്‍മാരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട്തുര്‍ക്കിയുടെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല. വടക്കന്‍ ഇറാഖിലെ പര്‍വതപ്രദേശത്തെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) യെതിരെ ജൂണ്‍ പകുതിയോടെയാണ് തുര്‍ക്കി അതിര്‍ത്തികടന്നുള്ള വ്യോമാക്രമണം ആരംഭിച്ചത്.

തങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ അങ്കാറയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഇറാഖ് ഇതിനകം രണ്ട് തവണ ബാഗ്ദാദിലെ തുര്‍ക്കി സ്ഥാനപതിയെ വിളിപ്പിച്ചിരുന്നു. ഇറാഖില്‍ നിന്ന് പികെകെ പോരാളികള്‍ തുര്‍ക്കിക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇതിനെതിരെ നടപടി സ്വികരി ക്കാന്‍ ബാഗ്ദാദ് കേന്ദ്ര സര്‍ക്കാരോ പ്രാദേശിക ഇറാഖി കുര്‍ദിഷ് ഭരണകൂടമോ തയ്യാറായിട്ടില്ലെന്നതാണ് തുര്‍ക്കിയുടെ ആക്ഷേപം.

പി കെ കെക്കെതിരെ തുര്‍ക്കി ആക്രമണം ആരംഭിച്ചതിനുശേഷം അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കിയും പറയുന്നു. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും പികെകെയെ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്. പികെകെയും തുര്‍ക്കിയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ 40000 പേര്‍ മരിച്ചു. രണ്ടുവര്‍ഷത്തെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് 2015 ല്‍ സമാധാന പ്രക്രിയ തകര്‍ന്നതിനുശേഷം പികെകെയുമായുള്ള ചര്‍ച്ചയിലേക്ക് മടങ്ങില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Anweshanam
www.anweshanam.com