കോവിഡ് പരിശോധന കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ട്രംപ് 
world

കോവിഡ് പരിശോധന കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ട്രംപ് 

യുഎസ് നിലവില്‍ 25 ദശലക്ഷത്തോളം ആളുകളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

News Desk

News Desk

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തുള്‍സ അറീനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

'യുഎസ് നിലവില്‍ 25 ദശലക്ഷത്തോളം ആളുകളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിങ്ങള്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്താനാകും. അത് കൊണ്ട് എന്റെ ആളുകളോട് പരിശോധന മന്ദഗതിയിലാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്' ട്രംപ് പറഞ്ഞു.

ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോവിഡിനെ കുങ് ഫ്‌ളു എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊറോണ വൈറസിനെ എനിക്ക് കുങ് ഫ്‌ളു എന്ന് വിളിക്കാം. എനിക്ക് 19 വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ കഴിയും. നിരവധി ആളുകള്‍ ഇതിനെ വൈറസ് എന്നുവിളിക്കുന്നു. കുറച്ചാളുകള്‍ ഫ്‌ളു എന്നും വിളിക്കുന്നു. എന്താണ് വ്യത്യാസമെന്നും ട്രംപ് ചോദിച്ചു.

തുള്‍സ അറീനയില്‍ നടന്ന ട്രംപിന്റെ റാലിയില്‍ പുകുതിയോളം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളും കൊറോണവൈറസ് മഹാമാരിയും കാരണമാണ് പ്രതീക്ഷിച്ച ആളുകളെത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anweshanam
www.anweshanam.com