ബെയ്റൂട്ട് സ്ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു
world

ബെയ്റൂട്ട് സ്ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു

നിരവധി മന്ത്രിമാര്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയാബ് തീരുമാനിച്ചത് -

Geethu Das

Geethu Das

ബെയ്റൂട്ട്: ബെയ്‌റൂട്ട് സ്ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു. നിരവധി മന്ത്രിമാര്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയാബ് തീരുമാനിച്ചത് -അല്‍ ജസീറ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ് രൂപീകരിക്കുന്നതു വരെ ഉത്തരവാദിത്വ സ്ഥാനത്തു തുടരാന്‍ നിര്‍ദ്ദേശിച്ചു. ബെയ്റൂട്ട് തുറമുഖത്ത് ഉണ്ടായ വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 200 ഓളം പേര്‍ കൊല്ലപ്പെടുകയും 6,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനം അഴിമതിയുടെ ഫലമാണെന്നും അത് സംസ്ഥാനത്തേക്കാള്‍ വലുതാണെന്നും ഹസ്സന്‍ ദയിബ് പ്രസ്താവനയില്‍ പറയുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ' ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുന്നു. ലെബനനെ ദൈവം സംരക്ഷിക്കട്ടെ' പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹം മൂന്ന് തവണ ആവര്‍ത്തിച്ചു.

ഒരാഴ്ചയായി രാജ്യമാകെ സര്‍ക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയായിരുന്നു. രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം. ഇതിനു പിന്നാലെയാണ് രാജി. പ്രക്ഷോഭത്തിലെ ഏറ്റുമുട്ടലില്‍ 728 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു.

Anweshanam
www.anweshanam.com