തീവ്രവാദ ഫണ്ടിങ്: ജമാഅത്ത് ഉദ് ദാവ നേതാക്കള്‍ കുറ്റക്കാരെന്ന് എടിസി
world

തീവ്രവാദ ഫണ്ടിങ്: ജമാഅത്ത് ഉദ് ദാവ നേതാക്കള്‍ കുറ്റക്കാരെന്ന് എടിസി

മാലിക് സഫര്‍ ഇക്ബാല്‍, ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി, ഹാഫിസ് അബ്ദുള്‍ സലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

News Desk

News Desk

ലാഹോര്‍: തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ജമാഅത്ത് ഉദ് ദാവയിലെ മൂന്ന് ഉന്നത നേതാക്കളെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ശിക്ഷിച്ചു - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിക് സഫര്‍ ഇക്ബാല്‍, ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി, ഹാഫിസ് അബ്ദുള്‍ സലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

സംഘടനകളുടെ സ്ഥലവും പേരും തീവ്രവാദ ധനസഹായത്തിനായി ഉപയോഗിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.ഹഫീസ് അബ്ദുള്‍ സലാം, മാലിക് സഫര്‍ ഇക്ബാല്‍ എന്നിവര്‍ക്ക് 16 വര്‍ഷം തടവും ആറുമാസം പിഴയും 150000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അബ്ദുള്‍ റഹ്മാന്‍ മക്കിക്ക് 15 വര്‍ഷം തടവ്. 20000 രൂപ പിഴ. എടിസി വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി പരിഗണിച്ച് ലാഹോര്‍ ഹൈക്കോടതി അബ്ദുള്‍ റഹ്മാന്‍ മക്കി, അബ്ദുള്‍ സലാം എന്നിവര്‍ക്ക് ജാമ്യം അനുവദിക്കുകയും 2020 അവരുടെ ശിക്ഷ ഇളവ് നല്‍കുകയും ചെയ്തിരുന്നുവെന്നത് ശ്രദ്ധേയമായി. ആഗസ്ത് 13 ലെ ലാഹോര്‍ ഹൈകോടതി വിധി ഇവരുടെ തടവ്ശിക്ഷ ഒരു വര്‍ഷമായി കുറച്ചിരുന്നു.

ആഗസ്ത് 27 ന് എടിസിയുടെ ഏറ്റവും പുതിയ വിധി ലാഹോര്‍ ഹൈകോടതി വിധിയെ പക്ഷേ അസ്ഥിരപ്പെടുത്തി. ജമാഅത്ത് ഉദ് ദാവനേതാക്കളെ കോടതി പരിസരത്ത് നിന്ന് ഉടന്‍ അറസ്റ്റ് ചെയ്യുവാനും ജയിലിലേക്ക് അയയ്ക്കാനും എടിസി ഉത്തരവിട്ടു. പഞ്ചാബ് പ്രവിശ്യ തീവ്രവാദ വിരുദ്ധ വകുപ്പ് ജമാഅത്ത് ഉദ് ദാവനേതൃത്വത്തിനെതിരെ 23 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുബന്ധ സംഘടനകളായ ലഷ്‌കര്‍-ഇ-തൊ യ്ബ (എല്‍ഇടി), ചാരിറ്റി സംഘടന ഫലാഹ്-ഇന്‍-ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ (എഫ്‌ഐഎഫ്) എന്നിവക്കെതിരെയും കേസുകളുണ്ട്. ലാഹോര്‍, ഗുജ്റന്‍വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങളില്‍ 2019 ജൂലായിലാണ് കേസ് റജിസ്ട്രര്‍ ചെയ്യപ്പെട്ടത്. ട്രസ്റ്റുകളുടെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും മറപിടിച്ച് അനധികൃതമായി പണം സ്വരൂപിച്ച് ഭീകരപ്രവര്‍ത്തനത്തിനായി നല്‍കിയെന്നതാണ് കേസുകള്‍ക്ക് ആധാരം.

അല്‍-അന്‍ഫാല്‍ ട്രസ്റ്റ്, ദാവത്ത്-ഉല്‍-ഇര്‍ഷാദ് ട്രസ്റ്റ്, മാസ്-ബിന്‍-ഇക്ബാല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ്, അല്‍ ഹമദ് ട്രസ്റ്റ്, അല്‍ മദീന ഫ ണ്ടേഷന്‍ ട്രസ്റ്റ് എന്നിവ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കി കൊടുത്തു. ധനസഹായം നല്‍കി. മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറപിടിച്ചാണ് ഈ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായമടക്കം നല്‍കുന്നതെന്ന് എടിസി കോടതി കണ്ടെത്തി. ജമാഅത്ത് ഉദ് ദാവ മേധാവിയും മുംബെ തീവ്രവാദ ആക്രമണ മുഖ്യ സൂത്രധാരനുമായ ഹഫീസ് മുഹമ്മദ് സയീദ്, അബ്ദുള്‍ റഹ്മാന്‍ മക്കി, മാലിക് സഫര്‍ ഇക്ബാല്‍, അമീര്‍ ഹംസ, മുഹമ്മദ് യഹ്യ അസീസ്, മുഹമ്മദ് നയീം ഷെയ്ഖ്, മുഹ്സിന്‍ ബിലാല്‍, അബ്ദുള്‍ റഖീബ്, ഡോ. അഹമ്മദ് അലി, ഡോ. അബ്ദുള്‍ ഗഫാര്‍ തുടങ്ങിയ ജമാഅത്ത് ഉദ് ദാവ നേതാക്കളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായ മെത്തിക്കുന്നവരില്‍ മുന്‍പന്തിയിലെന്നും തീവ്രവാദ വിരുദ്ധ കോടതി വ്യക്തമാക്കി.

Anweshanam
www.anweshanam.com