ദക്ഷിണ ചൈനാക്കടല്‍: തര്‍ക്കം മുറുകുന്നു

ദക്ഷിണ ചൈനാക്കടലിന്മേലുള്ള അവകാശവാദം ചൈന ഇനിയും ബലപ്പെടുത്തുന്നതിലൂടെ മേഖലയില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു.
ദക്ഷിണ ചൈനാക്കടല്‍: തര്‍ക്കം മുറുകുന്നു

ചൈന: ദക്ഷിണ ചൈനാക്കടലിന്മേലുള്ള അവകാശവാദം ചൈന ഇനിയും ബലപ്പെടുത്തുന്നതിലൂടെ മേഖലയില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. ദക്ഷിണ ചൈനാക്കടലില്‍ ചൈന ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ തര്‍ക്കം മുറുകുന്നത്.

ആഗസ്ത് 26 ന് ചൈന നടത്തിയ മിസൈല്‍ പരീക്ഷണം മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു - അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരസെല്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള സൈനികാഭ്യാസത്തിനിടെ ചൈന നാല് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പെന്റഗണ്‍ സ്ഥിരീകരിച്ചു. തര്‍ക്കമുള്ള സമുദ്ര മേഖലയില്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുമെന്ന് 2002 ല്‍ ചൈന ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പിന്റെ ലംഘനമാണ് ചൈനീസ് മിസൈല്‍ പരീക്ഷണമെന്ന് യുഎസ് ഭരണകൂടം കുറ്റപ്പെടുത്തുന്നു.

ദക്ഷിണ ചൈനാക്കടല്‍ തര്‍ക്ക പ്രദേശമാണ്. അവിടെത്തെ സൈനികാഭ്യാസവും മിസൈല്‍ പരീക്ഷണവും തര്‍ക്കം ലഘൂകരിക്കുന്നതിനും സ്ഥിരത നിലനിര്‍ത്തുന്നതിനും കടകവിരുദ്ധമാണ്. മിസൈല്‍ പരീക്ഷണങ്ങളുള്‍പ്പെടെയുള്ള ചൈനീസ് പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ ചൈനാക്കടലിലെ സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ശാന്തസമുദ്രത്തിന്റെ ഭാഗമാണ് സമ്പന്നമായ കടല്‍ സമ്പത്തില്‍ അനുഗ്രഹീതമായ ദക്ഷിണ ചൈനാക്കടല്‍. ഇതിന്റെ തീരങ്ങളിലും ദ്വീപുകളിലും കഴിഞ്ഞ ദശകത്തില്‍ ചൈന സൈനിക താവളങ്ങള്‍ സ്ഥാപിട്ടു ണ്ട്. ഇതിലൂടെ തര്‍ക്കമേഖല തങ്ങളുടേതെന്ന അവകാശവാദം ഊട്ടിയുറിപ്പിക്കുകയാണ് ചൈന.

ചൈനയുടെ പെട്രോളിയം ഉല്പന്ന ഇറക്കുമതിയുടെ 80 ശതമാനവും ചൈനയുടെ മൊത്തം വ്യാപാരത്തിന്റെ 39.5 ശതമാനവും ദക്ഷിണ ചൈനാ കടലിനെ ആശ്രയിച്ചാണ്. ചൈനയുടെ അതിശക്തമായ നാവിക പാതയാണ് ദക്ഷിണ ചൈനാക്കടല്‍. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാവികപാത കൂടിയാണ് ദക്ഷിണ ചൈനാക്കടല്‍. ദക്ഷിണ ചൈനാക്കടല്‍ തീരങ്ങള്‍. പവിഴ്പുറ്റ്. ദ്വീപുകളായ സ്പ്രറ്റ്‌ലി, പാരസെല്‍. സ്‌കാര്‍ബറോ ഷോള്‍. ടോങ്കിന്‍ ഉള്‍ക്കടലിലെ വിവിധ അതിര്‍ത്തികള്‍. ഇവയെല്ലാം തര്‍ക്കങ്ങളിലുള്‍പ്പെടുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ തന്നെ തന്ത്രപരമായി തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ദക്ഷിണ ചൈനാക്കടലിന്മേലുള്ള ആധിപത്യമുറപ്പിക്കുന്നതില്‍ ചൈനീസ് ഭരണകൂടം സദാ ജാഗരൂകരാണ്.

വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്വാന്‍, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളും ദക്ഷിണ ചൈനാ കടലിന്റെ അവകാശികളാണ്. ഇത് പക്ഷേ അംഗീകരിച്ചുനല്‍കാന്‍ ചൈനീസ് ഭരണകൂടം തയ്യാറല്ല. ഇതാണ് ദക്ഷിണ ചൈനാക്കടല്‍ തര്‍ക്കത്തിന്റെ എല്ലിന്‍ കഷ്ണമായി തുടരുന്നതിന്റെ മുഖ്യ കാരണം. ദക്ഷിണ ചൈനാക്കടല്‍ കേന്ദ്രീകരിച്ച് കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ച് സൈനിക താവളങ്ങള്‍ നിര്‍മ്മിക്കപ്പെടുകയാണ്. ഇവിടേക്കുള്ള സാധന സാമഗ്രികളുമെത്തിക്കപ്പെടുന്നു. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രണ്ടു ഡസനോളം ചൈനീസ് സര്‍ക്കാര്‍ കമ്പനികള്‍ വ്യാപൃതരാണ്. ഈ ചൈനീസ് കമ്പനികളെ വാഷിങ്ടണ്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ വിമര്‍ശനത്തിലാണ് ബിജിങ്.

യുഎസിന്റെ ചെയ്തികള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലെ കടുത്ത ഇടപെടലാണ്. ഇത് തികച്ചും സ്വേച്ഛാധിപത്യ അധികാര രാഷ്ട്രീയമാണ് - ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളുടെയും വ്യക്തികളുടെയും ന്യായമായ അവകാശങ്ങളും താല്പര്യങ്ങളും ഉയര്‍ത്തിപ്പിടിയ്ക്കാന്‍ ചൈന ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com