അമേരിക്കന്‍ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരണത്തിന് കീഴടങ്ങി

പരോൾ ഇല്ലാതെ 2014 മുതൽ മൂന്ന്​ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവൽ.
അമേരിക്കന്‍ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരണത്തിന് കീഴടങ്ങി

വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ മരിച്ചു. 80 വയസായിരുന്നു. ലോകത്താകെയും നടന്നിട്ടുള്ള സീരിയല്‍ കില്ലിംഗ് കേസുകളില്‍ തന്നെ ഏറ്റവും ഭീകരനെന്ന് അറിയപ്പെടുന്ന ഈ കൊലയാളി ജയിലിനകത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങിയതായാണ് ജയിൽ അധികൃതരെ ഉദ്ധരിച്ച്​ എഫ്​ബി​ഐ റി​പ്പോർട്ട്​ ചെയ്യുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു മരണം. ജയിലിൽ പരോൾ ഇല്ലാതെ 2014 മുതൽ മൂന്ന്​ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവൽ. മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് കൊലപാതകങ്ങളുടെ പേരില്‍ 2014ല്‍ ശിക്ഷിക്കപ്പെടുമ്പോഴും സാമുവലിന്റെ ഇരുണ്ടതും ചോര മണക്കുന്നതുമായ ഭൂതകാലത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ അറിയില്ലായിരുന്നു. കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയവേ 2018ലാണ് പിന്നീട് സാമുവല്‍ തന്റെ പഴയകാലത്തെ കുറിച്ച് കുറ്റസമ്മതം നടത്തുന്നത്.

ഞെട്ടിക്കുന്ന സംഭവകഥകളായിരുന്നു സാമുവലിന് പറയാനുണ്ടായിരുന്നത്. 19 സ്റ്റേറ്റുകളിലായി 93 കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് അയാള്‍ ഏറ്റുപറഞ്ഞു. കൗമാരകാലത്ത് തന്നെ ആളുകളെ കൊല ചെയ്യാനുള്ള ആഗ്രഹം തന്നില്‍ ഉദയം കൊണ്ടിരുന്നുവെന്നും മുപ്പത്തിയൊന്നാം വയസില്‍ സാഹചര്യമൊത്ത് വന്നപ്പോഴായിരുന്നു ആദ്യ കൊലപാതകമെന്നും സാമുവല്‍ തുറന്നുപറഞ്ഞു.

ആ കൊല സാമുവലിന് പ്രചോദനമായി. കുടുംബങ്ങളില്‍ നിന്നും സാമൂഹികജീവിതത്തില്‍ നിന്നുമെല്ലാം മാറി, ജീവിക്കുന്ന സ്ത്രീകളാണ് സാമുവലിന്‍റെ ഇരകളില്‍ ഭൂരിഭാഗവും. അന്വേഷിച്ച് വരാനോ പരാതിപ്പെടാനോ അടുപ്പക്കാരില്ലാത്ത സ്ത്രീകളെ മദ്യവും മയക്കുമരുന്നും നല്‍കി വലയിലാക്കും. പിന്നീട് ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യും. എല്ലാം കഴിയുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. മൃതദേഹം ഏതെങ്കിലും വിജനമായ വഴിയിലോ ഓടകളിലോ തള്ളും.

പ്രത്യേകമായ മാനസികാവസ്ഥയായിരുന്നു സാമുവലിന്റേതെന്ന് അയാളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. താന്‍ കൊന്നുതള്ളിയ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ സ്‌നേഹമാണ് തനിക്കുള്ളതെന്ന് സാമുവല്‍ പറയുമായിരുന്നുവത്രേ. ആ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് തന്നെ ജീവിപ്പിക്കുന്നതെന്ന് പോലും അയാള്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകയായ ജിലിയന്‍ ലോറന്‍ സാമുവലുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങളിലാണ് പ്രധാനമായും ഇത്തരം വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. തെളിവുകള്‍ ബാക്കി വയ്ക്കാതെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുന്ന സാമുവല്‍ എന്ന സീരിയല്‍ കില്ലറെ കുറ്റാന്വേഷകര്‍ക്കാര്‍ക്കും കണ്ടെത്താനായിരുന്നില്ല.

ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞിട്ടു പോലും അയാള്‍ ഇല്ലാതാക്കിയ മുഴുവന്‍ പേരുടെയും വിശദാംശങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഇനിയും ഇരകളുടെ പട്ടിക പൂരിപ്പിക്കപ്പെടാതെ ബാക്കി കിടക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com