യമൻ; ഹൂതികൾക്കെതിരെ വ്യോമാക്രമണ പരമ്പര

സനയിൽ 11 തവണയാണ് വ്യോമാക്രമണം നടത്തിയത്.
യമൻ; ഹൂതികൾക്കെതിരെ വ്യോമാക്രമണ പരമ്പര

സന: യമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണ പരമ്പര. ഹൂതികൾ തമ്പടിച്ചിട്ടുള്ള യമൻ തലസ്ഥാന നഗരമായ സനയിൽ 11 തവണയാണ് വ്യോമാക്രമണം നടത്തിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ 13 ലെ അഞ്ച് വ്യോമാക്രമണങ്ങൾ സന വിമാനതാവള സമീപ പ്രദേശങ്ങളിലായിരുന്നു. ബാക്കിയുള്ള വ്യോമാക്രമണങ്ങൾ നഗരത്തിൻ്റെ വടക്ക് - മധ്യ മേഖലയിലായിരുന്നുവെന്ന് സുരക്ഷ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സഭ റിപ്പോർട്ട് ചെയ്യുന്നു. ആൾനാശം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

സനയിലെ ഹൂതി ബാരക്കുകളിലും സൈനിക കേന്ദ്രങ്ങളിലും സൗദി സഖ്യസേന ആക്രമിച്ചു. സനയുടെ വടക്ക് അൽ-ഡെൽമി വ്യോമതാവളത്തിൽ നാല് ഹൂതി ഡ്രോണുകൾ നശിപ്പിച്ചുവെന്നും സൗദി അൽ - അറേബ്യ മാധ്യമ നെറ്റ് വർക്ക് പറയുന്നു.

തിരിച്ചടിയെന്നോണം സൗദി അറേബ്യക്കെതിരെ ബാലസ്റ്റിക്ക് മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. സൗദിയുടെ തലസ്ഥാന നഗരി റിയാദിലെ പ്രധാനയിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണങ്ങൾ.

റിയാദിന് നേരെയുള്ള ആക്രമണം സഖ്യം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തു ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് നശിപ്പിച്ചുവെന്ന് സൗദി സഖ്യം വ്യക്തമാക്കി.

2015 മുതലുള്ള യുദ്ധത്തിന് അറുതിവരുത്തുകയെന്നതിനായി ഇറാൻ പിന്തുണയുള്ള ഹൂതി പ്രസ്ഥാനവുമായി സൗദി അറേബ്യ പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് 2019 സെപ്തംബർ മുതൽ സന നഗരത്തിൽ സൗദി സഖ്യ സേനയുടെ ബോംബാക്രമണം താരതമ്യേന അപൂർവമായിരുന്നു. എന്നാൽ സഖ്യസേന സനയിൽ വ്യോമാക്രമണങ്ങൾ പുന:രാരംഭിയ്ക്കാൻ മുതിരുന്നുവെന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ ശക്തിപ്പെടുന്നത്.

മേഖലയിലെ സൗദി - ഹൂതി പോരാട്ടം ഇതിനകം ഒരു ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാ ന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. സൗദി - ഹൂതി പോരാട്ടത്തെ ലോകത്തിലെ അതിദാരുണമായ മാനുഷിക പ്രതിസന്ധിയായാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.

സൗദി പിന്തുണയുള്ള അബ്ദുൽ റബ്ബു മൻസൂർ ഹാദിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് 2014 ൽ സനയടക്കം പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഹൂതികളുടെ അധീനതയിലായി. ഇതേ തുടർന്നാണ് ഹൂതി - സൗദി പോരാട്ടം തലപൊക്കുന്നത്.

യമൻ പ്രസിഡൻ്റായിരുന്ന അബ്ദുൽ റബ്ബു മൻസൂർ ഹാദി ഇപ്പോൾ സൗദി സംരക്ഷണത്തിലാണ്. ഹൂതികളെ തുരത്തി മൻസൂർ ഹാദിയെ യമനിൽ പുനഃവരോധിക്കുകയെന്നതാണ് സൗദി ഭരണകൂടത്തിൻ്റെ ആത്യന്തിക ഉന്നം. ഹൂതികൾക്കുള്ള ഇറാൻ പിന്തുണയാണ് ഈ ഉന്നം പക്ഷേ സുസാധ്യമാക്കപ്പെടുന്നതിന് തടസ്സമായി വർത്തിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com