സുപ്രധാന തസ്​തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണവുമായി സൗദി അറേബ്യ
world

സുപ്രധാന തസ്​തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണവുമായി സൗദി അറേബ്യ

പുതിയ നിയമം വിദേശ നിക്ഷേപത്തിന് ഭീഷണി സൃഷ്​ടിക്കില്ലെന്ന് ഡോ. ഗാസി ബിന്‍ സഖര്‍ വിശദീകരിച്ചു.

News Desk

News Desk

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ നേതൃപദവിയിലുള്ള സുപ്രധാന തസ്​തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിര്‍ദേശം ശുറാ കൗണ്‍സില്‍ ഈ ആഴ്‌ച ചര്‍ച്ചക്കെടുക്കും. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്‌ത്‌ വോട്ടിനിടും. ശൂറയുടെ അംഗീകാരം ലഭിച്ചാല്‍ സൗദി തൊഴില്‍ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക.

ശൂറയിലെ ഡോ. ഗാസി ബിന്‍ സഖര്‍, അബ്​ദുല്ല അല്‍ഖാലിദി, ഡോ. ഫൈസല്‍ ആല്‍ഫാദില്‍ എന്നീ അംഗങ്ങളാണ് വിഷയം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുക. സ്വദേശിവത്ക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴില്‍ വിപണിയുടെ താല്‍പര്യത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്‌തികകളില്‍ മതിയായ തോതില്‍ സ്വദേശികളെ നിയമിക്കേണ്ടതുണ്ട്. അതെസമയം രാഷ്​ട്രത്തിനും തൊഴില്‍വിപണിക്കും അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിര്‍ത്തേണ്ടതുണ്ടെന്നതിനാലാണ് സ്വദേശിവത്ക്കരണം 75 ശതമാനത്തില്‍ പരിമിതപ്പെടുത്തുന്നത്.

പുതിയ നിയമം വിദേശ നിക്ഷേപത്തിന് ഭീഷണി സൃഷ്​ടിക്കില്ലെന്ന് ഡോ. ഗാസി ബിന്‍ സഖര്‍ വിശദീകരിച്ചു. വിദേശ നിക്ഷേപകര്‍ക്ക് സൗദി ജനറല്‍ ഇന്‍വെസ്​റ്റുമെന്‍റ്​ അതോറിറ്റി (സാഗിയ) അനുവദിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ സംവിധാനവും പുതിയ നിയമത്തി​െന്‍റ പശ്ചാതലത്തിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്ബത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ തുടര്‍ന്നെത്തും സൗദി വിപണിയും ഇത്തരം നയങ്ങളെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഡോ. ബിന്‍ സഖര്‍ പറഞ്ഞു. നേതൃപദവിയില്‍ നിലവിലുള്ള അസന്തുലിതത്വം ഒഴിവാക്കി രാജ്യത്തിന് ഗുണകരമായ പരിഷ്‌കരണം നടപ്പാക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Anweshanam
www.anweshanam.com