ബലാറസിന് പിന്നാലെ കിർഗിസ്ഥാൻ

കിർഗിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യമുന്നയിച്ചാണ് പ്രക്ഷോഭം.
ബലാറസിന് പിന്നാലെ കിർഗിസ്ഥാൻ

ബിഷ്കെക്ക്: മുൻ സോവിയറ്റ് റിപ്പബ്ലിക്ക് ബലാറസിന് പിന്നാലെ മറ്റൊരു മുൻ സോവിയറ്റ് റിപ്പബ്ലിക്ക് കിൾഗിസ്ഥാനും ജനകീയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യമേകുകയാണ്. കിർഗിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. ഇതേതുടർന്ന് ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി പ്രഖ്യാപിയ്ക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബ്ബന്ധിക്കപ്പെട്ടു.

കിർഗിസ്ഥാൻ തലസ്ഥാനം ബിഷ്കെക്കിലുൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധക്കാർ ഒരൊറ്റ രാത്രികൊണ്ട് സർക്കാർ മന്ദിരങ്ങൾ പിടച്ചടക്കി. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 2017 നവംബർ മുതൽ അധികാരിത്തിലുള്ള പ്രസിഡൻ്റ് ജീൻ‌ബെക്കോവിനെ പുറത്താക്കി പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് പ്രതിപക്ഷ പാർട്ടികൾ - എപി ന്യൂസ് റിപ്പോർട്ട്.

രാജ്യത്ത് സംഘർഷം തടയുന്നതിനാണ് വോട്ടെടുപ്പ് ഫലം റദ്ദാക്കുവാനുള്ള തീരുമാനമെന്ന് കമ്മീഷൻ മേധാവി നൂർഷൻ ഷൈൽഡെ ബെക്കോവ ഇന്റർഫാക്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒക്ടോബർ നാലിന് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം അധികൃതർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തലസ്ഥാനമായ ബിഷ്കെക്കിലടക്കമുള്ള നഗരങ്ങളിൽ ബഹുജന പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണകൂടവുമായി ബന്ധമുള്ള രണ്ട് പാർട്ടികൾക്ക് അനുകൂലമായി. തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വ്യാപക ക്രമകേടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഭരണകക്ഷി അനുകൂല തെരഞ്ഞടുപ്പ് ഫലം. അതുകൊണ്ടുതന്നെ തെരഞ്ഞടുപ്പ് ഫലം അംഗീകരിക്കുവാനാകില്ലെന്ന പ്രതിപക്ഷ കക്ഷികളുടെ കടുത്ത നിലപാടാണ് രാജ്യമൊട്ടാകെ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ഒക്ടോബർ അഞ്ചിന് തെരുവിലിറങ്ങിയത്. ജല പീരങ്കികൾ, ടിയർ ഗ്യാസ് തുടങ്ങിയവ ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലിസ് ശ്രമിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 590 ഓളം പ്രതിഷേധകാർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു.

പൊലിസ് അടിച്ചമർത്തൽ അശാന്തിക്ക് അറുതിയിടുന്നതിനായില്ല. രാത്രിയിൽ പ്രതിഷേധക്കാർ പാർലമെൻ്റിലേക്കും പ്രസിഡൻ്റിൻ്റെ ഓഫീസ് സമുച്ഛ യത്തിലേക്കും അതിക്രമിച്ചുകയറി. പ്രതിപക്ഷ പ്രതിഷേധക്കാർ ബിഷ്കെക്കിലെ സിറ്റി ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.

അഴിമതി ആരോപണത്തിൽ ശിക്ഷിക്കപ്പെട്ട് തടങ്കലിൽ കഴിയുന്ന മുൻ പ്രസിഡൻറ് അൽമാസ്ബെക്ക് അതമ്പയേവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും ശക്തിപ്പെട്ടു. പ്രതിഷേധക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അതമ്പയേവിനെ മോചിപ്പിയ്ക്കേണ്ടിവന്നു.

സൂറൻ‌ബായ് ജീൻ‌ബെക്കോവിനെ പ്രസിഡൻ്റു സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ചോൻ കസാറ്റ് പാർട്ടി അംഗം മക്സത് മാമിറ്റ്കനോവ് ഇന്റർഫാക്സിനോട് പറഞ്ഞു, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പുതിയ ഭരണഘടനയ്ക്കായുള്ള ശ്രമങ്ങളുമുണ്ട്.

അനുയായികളോട് ശാന്തമാകുവാനും തെരുവിൽ നിന്ന് പിന്മാറുവാനും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെടണമെന്ന് പ്രസിഡൻ്റ് ജിൻബെക്കോവ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ അഭിലാഷങ്ങളെക്കാൾ മുകളിലായിരിക്കണമെന്നും നിയമ വ്യവസ്ഥയിലേക്ക് മടങ്ങിവരണമെന്നും എല്ലാ രാഷ്ട്രീയ ശക്തികളോടും ജീൻബെക്കോവ് ആവശ്യപ്പെട്ടു.

മുൻ സോവിയറ്റ് റിപ്പബ്ലിക്ക് ബലാറസിൽ മോസ്കോ അനുകൂല ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ഇനിയും ആളിപടരുകയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് സെന്‍ട്രൽ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കിർഗിസ്ഥാനിലെ മോസ്കോ അനുകൂല ഭരണകൂടത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭം. തെരഞ്ഞെടുപ്പിലെ കൃത്രിമമെന്നതാണ് ഈ മുൻ ഇരു സോവിയറ്റുകളിലും ഉയർന്ന പ്രക്ഷോഭങ്ങൾക്ക് പെട്ടന്നുള്ള കാരണമായത്. കാലഹരണപ്പെട്ട കമ്യൂണിസത്തിൻ്റെ മറവിൽ സമഗ്രാധിപത്യ ഭരണവ്യവസ്ഥ നിലനിൽക്കുന്നുവെന്നാണ് ഈ മുൻ സോവിയറ്റുകളിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് അടിസ്ഥാന കാരണം.

Related Stories

Anweshanam
www.anweshanam.com