സാമ്പത്തിക പാക്കേജ്; ആശയക്കുഴപ്പത്തില്‍ അമേരിക്ക 

വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയ വാദ പ്രതിവാദങ്ങളിലാണ് കലാശിച്ചത്.
സാമ്പത്തിക പാക്കേജ്; ആശയക്കുഴപ്പത്തില്‍ അമേരിക്ക 

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം ആശങ്കകള്‍ സൃഷ്ടിച്ച് വര്‍ദ്ധിക്കുമ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക പാക്കേജുകള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ച ഫലം കാണാതെ അവസാനിച്ചു. വൈറസ് വ്യാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ അടുത്ത ഘട്ടം ചെലവുകളെ കുറിച്ച് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയ വാദ പ്രതിവാദങ്ങളിലാണ് കലാശിച്ചത്.

തൊഴിലില്ലായ്മ ആനുകൂല്യങ്ങളുടെ കാലാവധി വര്‍ദ്ധിപ്പിക്കുക, വാടക കൊടുക്കാത്തതിന്‍റെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്ന നടപടി നിരോധിക്കുക എന്നിവയാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. തൊഴിലില്ലായ്മ വേതനമായി ആഴ്ചയില്‍ 600 ഡോളര്‍ നല്‍കാനും, കുടിയൊഴിപ്പിക്കല്‍ നയത്തിനുമേല്‍ ഫെഡറല്‍ ബാന്‍ ഏര്‍പ്പെടുത്താനുമുള്ള ബില്ല് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇതിന്‍റെ കാലാവധി ജൂലൈ മാസത്തോടെ അവസാനിക്കും. എന്നാല്‍ ഡെമോക്രാറ്റുകള്‍ ന്യൂചിന്‍റെ നിര്‍ദ്ദേശങ്ങള്‍ എതിര്‍ക്കുകയും, രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതങ്ങളെ മറികടക്കാന്‍ റിപ്പബ്ലിക്കുകള്‍ക്ക് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍
ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍

കോവിഡ് മഹാമാരി മൂലം അമേരിക്കയില്‍ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. താമസ സ്ഥലങ്ങളുടെ വാടകയോ ഈടുകളോ നല്‍കാനാകാതെ കുടിയൊഴിപ്പിക്കല്‍ നടപടികളെയും ജനം വ്യാപകമായി നേരുടുന്നുണ്ട്. യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻമാരും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റുകളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു ട്രില്യൺ മുതൽ 3 ട്രില്യൺ ഡോളർ വരെയുള്ള പുതിയ പാക്കേജുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പണം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ചും കോവിഡ് 19നോടുള്ള സമീപനങ്ങളെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയാണ്.

"ഈ വെള്ളിയാഴ്ചവരെ സമയപരിധിയുണ്ട്, അതിനിടയില്‍ ഒരു കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രസിഡന്‍റ് കൂടുതല്‍ സമയം അനുവദിച്ചു തരേണ്ടി വരും," ട്രെഷറി സെക്രട്ടറി ന്യൂചിന്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും, പെയ്മെന്‍റ് സംബന്ധിച്ച കാര്യങ്ങളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

നാന്‍സി പെലോസി
നാന്‍സി പെലോസി

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ഹ്രസ്വകാലത്തേക്ക് നീട്ടുകയും കുടിയൊഴിപ്പിക്കൽ നിരോധനം പുതുക്കുകയും ചെയ്യുക എന്ന ആശയം സ്വീകാര്യമല്ലെന്നാണ് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയുടെ അഭിപ്രായം. കടുത്ത പ്രതിസന്ധിഘട്ടങ്ങളില്‍ ഇത്തരം ശോഷിച്ച ബില്ലുകളുമായി റിപ്പബ്ലിക്കന്‍സ് എത്തുന്നതിനെ അവര്‍ പരിഹസിക്കുകയും ചെയ്തു.

നികുതി വരുമാനം വെട്ടിക്കുറച്ച സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക്, സാമ്പത്തിക സഹായം നല്‍കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍സ് തള്ളിയിരുന്നു. "കോവിഡ് പ്രോട്ടോക്കോളുകള്‍ അവലംബിച്ച് പൊതുവിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ധനസഹായം അനവദിക്കുന്നതിനും റിപ്പബ്ലിക്കന്‍സ് എതിരാണ്. കൂടാതെ രാജ്യവ്യാപകമായി ടെസ്റ്റുകള്‍ നടത്തുന്നതിനും സഹായം അനുവദിച്ചിട്ടില്ല," നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു.

ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ

ലോക്ക് ഡൗണിനു ശേഷം രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചിരുന്നു, എന്നാല്‍ ജൂണ്‍ മദ്ധ്യത്തോടെ വൈറസ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുകയും ഈ വീണ്ടെടുക്കല്‍ പ്രക്രിയ മന്ദഗതിയിലാവുകയും ചെയ്തതായി ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അഭിപ്രായപ്പെടുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ തൊഴില്‍ നഷ്ടങ്ങളും, രോഗ വ്യാപനത്തിന്‍റെ പ്രത്യാഘാതങ്ങളും യുഎസ് കോൺഗ്രസിന് മേൽ വന്‍ തോതില്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com