ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃരാരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി പാകിസ്ഥാൻ

പാക് സര്‍ക്കാരിന്റെ എക്കണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുനഃരാരംഭിക്കാന്‍ ബുധനാഴ്ച ശുപാര്‍ശ നല്‍കിയത്
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃരാരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്‍ തീരുമാനം.

ഗോതമ്പ്, പഞ്ചസാര, പരുത്തി എന്നിവ ഇന്ത്യയില്‍നിന്ന് പരിമിതമായ അളവില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍നിന്നാണ് പാകിസ്താന്ന്‍ പിന്മാറിയത്‍. പാക് സര്‍ക്കാരിന്റെ എക്കണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുനഃരാരംഭിക്കാന്‍ ബുധനാഴ്ച ശുപാര്‍ശ നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പാക് ധനമന്ത്രി ഹമ്മദ് അസ്ഹര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇരുപത് മാസത്തിനു ശേഷം വ്യാപാരബന്ധം പുനസ്ഥാപിക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് വന്നിരുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് പരുത്തിയും അടുത്ത ഘട്ടത്തിൽ പഞ്ചസാര ഇറക്കുമതിയും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെയാണ് വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ തീരുമാനം എടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com