ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; ഒമാനില്‍ നാലു പേര്‍ നിരീക്ഷണത്തില്‍

ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ നടന്നു വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി.
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; ഒമാനില്‍ നാലു പേര്‍ നിരീക്ഷണത്തില്‍

മസ്‍കത്ത്: ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയം. യുകെയില്‍ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു.

നിരീക്ഷണത്തിലുള്ളവരില്‍ ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് അല്‍ സൈദി പറഞ്ഞു. പരിശോധനാഫലങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ജനിതക മാറ്റം സംഭവിച്ച വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്ത് ഇപ്പോള്‍ നല്‍കുന്ന കോവിഡ് വാക്സിന്‍ പുതിയ തരത്തില്‍പെട്ട വൈറസിനെതിരെയും ഫലപ്രദമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നേരത്തെയുണ്ടായിരുന്ന കോവിഡ് വൈറസിനേക്കാള്‍ 70 ശതമാനത്തോളം വേഗത്തില്‍ വ്യാപിക്കുന്ന തരത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യമാണ് യുകെയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടയ്‍ക്കുകയും വിമാന സര്‍വീസുകള്‍ ഒരാഴ്‍ചത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com