ന്യൂസിലന്റ് പള്ളി ആക്രമണം: പ്രതിക്ക് പരോളില്ലാതെ
ആജീവാനന്ത തടവ്;ആക്രമണം മനുഷ്യത്വരഹിതമെന്ന് കോടതി
world

ന്യൂസിലന്റ് പള്ളി ആക്രമണം: പ്രതിക്ക് പരോളില്ലാതെ ആജീവാനന്ത തടവ്;ആക്രമണം മനുഷ്യത്വരഹിതമെന്ന് കോടതി

51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

News Desk

News Desk

വെല്ലിംഗ്ടണ്‍: നാല് ദിവസം നീണ്ട വിചാരണയ്ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത് - ഹിന്ദുസ്ഥാന്‍ ടൈംസ്.

'ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ശിക്ഷ പ്രതിക്ക് വിധിക്കുന്നത്'- മാന്റര്‍ പറഞ്ഞു. വലതുപക്ഷ തീവ്രവാദത്തിന്റെ വിത്തുകള്‍ രാജ്യത്ത് വ്യാപിപ്പിക്കാനാണ് ടറന്റ് ശ്രമിച്ചത്. എന്നാല്‍ അതില്‍ അയാള്‍ പരാജയപ്പെട്ടു. എന്നാല്‍ ടറന്റിന്റെ ആക്രമണത്തില്‍ രാജ്യത്തെ മുസ്ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടി വന്നു'- അദ്ദേഹം പറഞ്ഞു. അതിക്രൂരവും നിഷ്ടൂരവുമായിരുന്നു നിങ്ങളുടെ പ്രവൃത്തി. മനുഷ്യത്വ രഹിതമായ ആക്രമണമായിരുന്നു നിങ്ങളുടേത്'- മാന്റര്‍ വ്യക്തമാക്കി.

2019ലാണ് ഓസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ കയറി നിരായുധര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഫേസ്ബുക്കില്‍ ലൈവ് സംപ്രേഷണം ചെയ്തായിരുന്നു ഇയാളുടെ ക്രൂരത. വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിധി കേള്‍ക്കാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതി പരിസരത്ത് എത്തിയിരുന്നത്. ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ കോടതിയില്‍ വികാരധീനരായി സംസാരിക്കുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com