പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു

ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ എവറസ്റ്റ്‌ 10 തവണ കീഴടക്കിയ വ്യക്തി.
പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ (72) അന്തരിച്ചു. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷെര്‍പ മരണത്തിന് കീഴടങ്ങിയത്.

1983 മുതല്‍ 1996 വരെയുള്ള കാലത്ത്‌ 10 തവണയോളം ഇദ്ദേഹം പര്‍വതാരോഹകര്‍ സാധാരണ ഉപയോഗിക്കാറുള്ള ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറി. 2017ല്‍ ഇദ്ദേഹത്തെ തേടി ഗിന്നസ് ലോക റെക്കോര്‍ഡുമെത്തി. ആങ് റിത ഷെര്‍പ സ്ഥാപിച്ച ലോക റെക്കോര്‍ഡിന് ഇന്നും ഇളക്കമില്ലാതെ തുടരുന്നു.

'ഹിമപ്പുലി' എന്നാണ് ഇദ്ദേഹത്തിന്‍റെ വിളിപ്പേര്. ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം. ആങ് റിത ഷെര്‍പയുടെ നിര്യാണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ഈ ആഴ്ചതന്നെ ആചാരപ്രകാരം സംസ്‌കരിക്കും.

Related Stories

Anweshanam
www.anweshanam.com