നീതിയാണ് ആവശ്യം; മെക്സിക്കോയില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തകരുടെ പ്രതിഷേധം

കുറ്റകൃത്യങ്ങൾ വേരോടെ പിഴുതെറിയാൻ വേണ്ടത്ര സർക്കാർ നടപടികളില്ലെന്ന് പ്രതിഷേധക്കാര്‍
നീതിയാണ് ആവശ്യം; മെക്സിക്കോയില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തകരുടെ പ്രതിഷേധം

മെക്സിക്കോ: മെക്സിക്കോയിലെ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെമിനിസ്റ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ എന്നിവ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കാണാതായവരുടെ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റകൃത്യങ്ങൾ വേരോടെ പിഴുതെറിയാൻ വേണ്ടത്ര സർക്കാർ നടപടികളില്ലെന്നതും ഇവയിൽ ഭൂരിഭാഗവും അന്വേഷിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദുർബലമായ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ മെക്സിക്കോയില്‍ നടക്കുന്നത്.

മുൻ പ്രസിഡന്‍റ് ഫ്രാൻസിസ്കോ മഡേറോയുടെ ചിത്രങ്ങൾ അപകീർത്തിപ്പെടുത്തിയതിന് പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പ്രവർത്തകരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ വ്യാപകമായത്. കേവലം ഒരു ചിത്രം അപകീര്‍ത്തിപ്പെടുന്നതില്‍ രോഷം കൊള്ളുന്ന ഭരണകൂടം എന്തുകൊണ്ടാണ് തങ്ങളുടെ പെണ്‍മക്കള്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ നിഷ്ക്രിയരാകുന്നത് എന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ 2006 ൽ രാജ്യത്തെ സൈന്യത്തെ വിന്യസിച്ചതു മുതൽ 70,000 ത്തിലധികം ആളുകളെ മെക്സിക്കോയിൽ കാണാതായതായി റിപ്പോർട്ടുണ്ട്. സായുധ ക്രിമിനൽ ഗ്രൂപ്പുകളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീഹത്യകളും രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com