സൈനികരെ പ്രകീർത്തിച്ച് ഉത്തര കൊറിയൻ നേതാവ്
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ 75 മത് വാർഷികാഘോഷങ്ങൾ നടന്നു.
സൈനികരെ പ്രകീർത്തിച്ച് ഉത്തര കൊറിയൻ നേതാവ്

പ്യോങ്‌യാങ്: പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിലും കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മികവ് പ്രകടിപ്പിച്ചതിനും സൈനികരെ പ്രശംസിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇന്ന് പുലർച്ചെ പതിവിൽ നിന്ന് വ്യത്യസ്തമായുള്ള സൈനിക പരേഡിനെ അഭിസംബോധന ചെയ്യവെയാണ് ഉൻ സൈനികരെ പ്രശംസിച്ചതെന്ന് ഔദ്യോഗിക ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ 75ാമത് വാർഷികാഘോഷങ്ങൾ നാടാകെ സംഗീത സദസുകളോടെ അരങ്ങേറി. പാർട്ടി വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ആഭ്യന്തര- വിദേശ പ്രേക്ഷകർക്ക് കിം സന്ദേശങ്ങൾ കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രത്യേക പരേഡിൻ്റെ എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ ദേശീയ ടെലിവിഷൻ പ്രക്ഷേപണം ചെയ്തു. പ്യോങ്‌യാങിൽ അടുത്തിടെ നവീകരിച്ച കിം ഇൾ സുങ് സ്‌ക്വയറിലായിരുന്നു പരേഡ്.

തന്ത്രപ്രധാനമായ പുത്തൻ ആയുധങ്ങളുടെ പരീക്ഷണങ്ങൾക്ക് പ്യോങ്‌യാങ് മുതിർന്നേക്കുമെന്ന് സിയോളും വാഷിങ്ടണും പറഞ്ഞിരുന്നു. ദേശീയ ടെലിവിഷൻ പ്രക്ഷേപണം ചെയ്യുന്ന പരേഡിന്റെ പ്രാരംഭ ഫൂട്ടേജിൽ പരമ്പരാഗത സൈനികർ അണിനിരക്കുന്നതിൻ്റെയും ബാലിസ്റ്റിക് മിസൈലുകളോടെയുള്ള കവചിത വാഹനങ്ങളുടെയും ദൃശ്യങ്ങളുണ്ട്.

ചാരനിറത്തിലുള്ള സ്യൂട്ടും ടൈയും ധരിച്ച ഉന്‍ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്യുന്നു. സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ കുട്ടികളിൽ നിന്ന് പൂക്കൾ സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡീയോയിൽ ചില വേള വൈകാരികമായും കിം ജോങ് ഉൻ പ്രത്യക്ഷപ്പെടുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com