അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ ആഘോഷിക്കാം: കമലാ ഹാരിസിന് ബൈഡന്റെ പിറന്നാളാശംസ

എന്റെ പിറന്നാള്‍ ആഗ്രഹം എല്ലാവരും വോട്ട് ചെയ്യണമെന്നാണ് എന്നായിരുന്നു കമലയുടെ ട്വീറ്റ്.
അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ ആഘോഷിക്കാം: കമലാ ഹാരിസിന് ബൈഡന്റെ പിറന്നാളാശംസ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിറന്നാളാശംസയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് നമുക്കാഘോഷിക്കാം എന്നാണ് ബൈഡന്‍ കമല ഹാരിസിനെ ആശംസിച്ചത്.

‘ ഹാപ്പി ബര്‍ത്ത് ഡേ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ചു ഐസ്‌ക്രീമുകളുമായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം,’ ബൈഡന്‍ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു കമല ഹാരിസിന്റെ 56ാം പിറന്നാള്‍. ഇത്തവണത്തെ എന്റെ പിറന്നാള്‍ ആഗ്രഹം എല്ലാവരും വോട്ട് ചെയ്യണമെന്നാണ് കമലയുടെ ട്വീറ്റ്.

ജോ ബൈഡനെക്കൂടാതെ ഹിലരി ക്ലിന്റണും കമല ഹാരിസിന് ആശംസകളറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഈ ബര്‍ത്ത് ഡേ ഗേളിനെ നമ്മള്‍ മാഡം വൈസ് പ്രസിഡന്റ് എന്നു വിളിക്കുമെന്നാണ് ഹിലരി ക്ലിന്റണിന്റെ ട്വീറ്റ്.

ആഗസ്റ്റിലാണ് കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാവുന്ന ആദ്യ വനിത, ഏഷ്യന്‍ വംശജ എന്നീ നേട്ടങ്ങളും കമലാ ഹാരിസിന് സ്വന്തമാവും. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Stories

Anweshanam
www.anweshanam.com