യുഎസ് സ്ഥാനാർഥി സംവാദം; സംയമനം പാലിക്കാതെ ട്രംപ്

രണ്ടാം സംവാദം 15നു ഫ്ലോറിഡയിൽ നടക്കും.
യുഎസ് സ്ഥാനാർഥി സംവാദം; സംയമനം പാലിക്കാതെ ട്രംപ്

ക്ലീവ്‌ലൻഡ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യ സ്ഥാനാർഥി സംവാദം ട്രംപിന്റെ നിലവിട്ട പെരുമാറ്റം മൂലം വഷളായി. ഒഹായോയിലെ ക്ലീവ്‌ലൻഡിലുള്ള കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഡിബേറ്റിലാണു ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനോടു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തട്ടിക്കയറിയത്.

ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കാതെയും ബൈഡനു സംസാരിക്കാനുള്ള സമയത്ത് ഇടയ്ക്കു കയറി പറഞ്ഞും ട്രംപ് സംവാദത്തിലുടനീളം ശല്യക്കാരനായി. ബൈഡൻ സംയമനം പാലിച്ചപ്പോൾ സംവാദത്തിന്റെ നിബന്ധനകൾ പാലിക്കാൻ ട്രംപിനെ ഓർമിപ്പിച്ച് മോഡറേറ്റർ ക്രിസ് വാലസിന് ആദ്യാവസാനം ഇടപെടേണ്ടി വന്നു.

സുപ്രീംകോടതി ജഡ്ജി നിയമനം, കോവിഡ് പ്രതിരോധ പാളിച്ചകൾ, തപാൽ വോട്ട്, വംശീയ സംഘർഷങ്ങൾ, സാമ്പത്തികരംഗം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു സംവാദം. കറുത്തവർഗക്കാരുൾപ്പെടെയുള്ളവരെ അധഃകൃതരായി കാണുന്ന വെള്ളക്കാരുടെ മനോഭാവത്തെ ട്രംപ് തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, ആന്റിഫ, ഇടതുസംഘങ്ങൾക്കെതിരെ ആരെങ്കിലുമൊക്കെ വേണമെന്നും അഭിപ്രായപ്പെട്ടു.

തപാൽ വോട്ടിനെച്ചൊല്ലി തിരഞ്ഞെടുപ്പു ഫലത്തിൽ തർക്കമുണ്ടായാൽ അന്തിമതീരുമാനം വരെ ക്ഷമയോടെ കാത്തിരിക്കാൻ അണികളോട് ആവശ്യപ്പെടുമെന്ന് ഉറപ്പുതരാമോയെന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ മറുപടി പറഞ്ഞില്ല.

രണ്ടാം സംവാദം 15നു ഫ്ലോറിഡയിൽ നടക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ കമല ഹാരിസും (ഡെമോക്രാറ്റ്) മൈക്ക് പെൻസും (റിപ്പബ്ലിക്കൻ) തമ്മിലുള്ള സംവാദം 7നു യൂട്ടായിൽ വച്ച് നടക്കും.

Related Stories

Anweshanam
www.anweshanam.com