അതിര്‍ത്തി വിഷയത്തില്‍ തെറ്റുപറ്റിയില്ലെന്ന നിലപാടിലുറച്ച് ചൈന  
world

അതിര്‍ത്തി വിഷയത്തില്‍ തെറ്റുപറ്റിയില്ലെന്ന നിലപാടിലുറച്ച് ചൈന  

അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

By News Desk

Published on :

ബീജിങ്ങ്: ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ ചൈന. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയും, അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ല എന്ന സൂചന ചൈന നല്‍കിയിരിക്കുന്നത്.

ഭീഷണി ഉയര്‍ത്തുന്നതിനുപകരം ഇരു രാജ്യങ്ങളും പരസ്പരം വികസനത്തിനുള്ള അവസരങ്ങള്‍ വിനിയോഗിക്കണമെന്നും, ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം അഭിമുഖീകരിക്കുന്ന നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഇരുപക്ഷവും വലിയ ശ്രദ്ധ ചെലുത്തി എത്രയും വേഗം അതിനെ മറികടന്ന് പ്രവര്‍ത്തിക്കണമെന്നും ചൈന അഭിപ്രായപ്പെടുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ശരിയും തെറ്റും വളരെ വ്യക്തമാണെന്നാണ് ചൈന ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇരുസൈന്യങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല.

അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയും തമ്മില്‍ ജൂലൈ അഞ്ചിനാണ് ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സമവായമുണ്ടായതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

Anweshanam
www.anweshanam.com