രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോവിഡിനെ കരുവാക്കി നേപ്പാള്‍ പ്രധാനമന്ത്രി

ഭരണകക്ഷിയായ എന്‍സിപി പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ആവശ്യം ഉയരുന്നത്.
രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോവിഡിനെ കരുവാക്കി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അദ്ദേഹം പ്രസിഡന്‍റ് ബി ഡി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിസന്ധി തരണം ചെയ്യാനുള്ള നീക്കവുമായി ഒലി രംഗത്തെത്തിയിരിക്കുന്നത്.

അതെസമയം, പ്രസിഡന്‍റ് ബി ഡി ഭണ്ഡാരി, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ വിമുഖത കാട്ടിയതായും, പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായും നേപ്പാള്‍ ഉന്നതാധികാര വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളീസ് ആർമിക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ യോജിപ്പില്ലെന്നാണ് വിവരം.

നേപ്പാള്‍ പ്രസിഡന്‍റ് ബി ഡി ഭണ്ഡാരിയും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും
നേപ്പാള്‍ പ്രസിഡന്‍റ് ബി ഡി ഭണ്ഡാരിയും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും

നേപ്പാൾ വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ പ്രധാനമന്ത്രിയുടെ പാർട്ടിയായ എന്‍സിപി പ്രവർത്തകർ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് ഇടതുപക്ഷ പാർട്ടികളായി വിഭജിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

നേപ്പാളിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒലി, പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയണമെന്നാണ് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി സഹ ചെയര്‍മാനുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് ഒലി നിലപാടെടുത്തിരിക്കുന്നത്.

പുഷ്പ കമാൽ ദഹൽ
പുഷ്പ കമാൽ ദഹൽ

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരു നേതാക്കളും ഇന്ന് വീണ്ടും കൂടികാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമുണ്ടായില്ല. നാളെ നടക്കാനിരിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കാനാണ് സാദ്ധ്യത.

44 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ 30 പേരും ഒലി രാജിവെക്കണമെന്ന പ്രചണ്ഡയുടെ ആവശ്യത്തിനൊപ്പമാണെന്നാണ് വിവരം.എന്നാല്‍ താന്‍ ഒറ്റപ്പെടുകയാണെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണിയാണ് ഒലി ഉയര്‍ത്തുന്നത്. സെൻട്രൽ കമ്മിറ്റിയിൽ പ്രമേയം വരുമ്പോൾ പാർട്ടി കോ ചെയർമാൻ കൂടിയായ ഒലിയുടെ ഒപ്പ് കൂടി അനിവാര്യമാണ്.

നേപ്പാളിലെ ചെെനീസ് അംബാസിഡർ ഹൗ യാങ്കിയും കെ പി ഒലിയും
നേപ്പാളിലെ ചെെനീസ് അംബാസിഡർ ഹൗ യാങ്കിയും കെ പി ഒലിയും

അതെസമയം, നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ ചൈന ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നേപ്പാളില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കകത്തെ ഭിന്നത രൂക്ഷമാകുമ്പോള്‍, ചെെനീസ് അംബാസിഡർ ഹൗ യാങ്കി, ഒലിയ്ക്ക് വേണ്ടി നിരന്തരമായി എൻസിപി നേതാക്കൾക്കിടയിൽ സമ്മർദം ചെലുത്തിവരികയാണ്. എന്നാൽ പ്രധാന മന്ത്രി ഒലിയില്ലെങ്കിലും എൻസിപി വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് മുതിർന്ന എൻസിപി നേതാവ് ചെെനീസ് അംബാസിഡറോട് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന വാദവുമായാണ് എന്‍സിപി നേതാക്കള്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന സമ്മര്‍ദ്ദം ചെലുത്താന്‍ ആരംഭിച്ചത്. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് തെളിവു വേണമെന്നായിരുന്നു പാര്‍ട്ടി ഉന്നയിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com