ഹോങ്കോങ്ങില്‍ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു
world

ഹോങ്കോങ്ങില്‍ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു

പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു.

News Desk

News Desk

ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തത് - അല്‍ ജസീറ റിപ്പോര്‍ട്ട്.

ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമര്‍ശകനായിരുന്നു ലായ്. ‌ലായിയുടെ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സീനിയര്‍ എക്സിക്യൂട്ടീവായ മാര്‍ക്ക് സൈമണാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പൊലീസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആപ്പിള്‍ ഡെയ്ലി ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്, മാര്‍ക്ക് സൈമണ്‍ പറഞ്ഞു. രാവിലെ 7 മണിയോടെയാണ് 10 പോലീസ് ഉദ്യോഗസ്ഥര്‍ ലായിയുടെ വീട്ടില്‍ എത്തിയതായി അദ്ദേഹത്തിന്റെ ആപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സിനും 72 വയസ്സിനും ഇടയിലുള്ള ഏഴ് പേരുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29, ദേശീയ സുരക്ഷയ്ക്ക് കാരണമാകുന്ന തരത്തില്‍ ഒരു വിദേശ രാജ്യവുമായി ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,' പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് നേരിട്ടോ അല്ലാതെയോ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം വാങ്ങുന്നതും ജീവപര്യന്തം തടവിന് വരെ കാരണമാകും. ചൈനയില്‍ ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം നടത്തിയ അറസ്റ്റുകളില്‍ സമൂഹത്തില്‍ ഉന്നതനായ ഒരാളെ അറസ്റ്റു ചെയ്യുന്നത് ഇത് ആദ്യമാണ്. നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ തന്നെ ഹോങ്കോംഗിനകത്തും പുറത്തുമുള്ള ആക്ടിവിസ്റ്റുകള്‍ നിയമത്തിനെതിരെ സംസാരിച്ചിരുന്നു.

വിമര്‍ശകരെയും റിപ്പോര്‍ട്ടിംഗിനെയും തകര്‍ക്കാന്‍ ഈ നിയമം ഉപയോഗപ്പെടുത്തുമെന്ന ഭയവും ഹോങ്കോംഗില്‍ നിലനില്‍ക്കുന്നുണ്ട്. 'ഇത് ഒരുതരം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അഭിപ്രായ പ്രകടനം നടത്താനാഗ്രഹിക്കുന്ന ജനങ്ങളെയും മാധ്യമങ്ങളേയും ഇത് വലിയൊരളവില്‍ സ്വാധീനിക്കുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എമിലി ലോ അല്‍ ജസീറയോട് പറഞ്ഞു.

ജിമ്മി ലായിയുടെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ അടിച്ചമര്‍ത്തലാണെന്ന് മാധ്യമപ്രവര്‍ത്തന സംരക്ഷക കമ്മിറ്റിയുടെ ഏഷ്യന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്റ്റീവ് ബട്ടലര്‍ പറഞ്ഞു. 'മാധ്യമ വ്യവസായി ജിമ്മി ലായിയുടെ അറസ്റ്റ് പുറത്ത് കൊണ്ട് വരുന്നത് ഹോങ്കോംഗിന്റെ ദേശീയ സുരക്ഷാ നിയമം ജനാധിപത്യ അനുകൂല അഭിപ്രായത്തെ അടിച്ചമര്‍ത്താനും മാധ്യമ സ്വാതന്ത്രത്തെ നിയന്ത്രിക്കാനും തടയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിന് കുറവു വരുത്തിയെന്നാരോപിച്ച് ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.

Anweshanam
www.anweshanam.com