കോവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപ്

നടപടിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും.
കോവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: കോവിഡ്19 നെ നിസാരവത്കരിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും നടപടി. കോവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയായിരുന്നു ചൊവ്വാഴ്ച ട്രംപിന്റെ ഫെയ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍.

തെറ്റിദ്ധാരണാജനകമായ വിവരം പങ്കുവെച്ചതായി സൂചിപ്പിച്ചാണ് സാമൂഹികമാധ്യമങ്ങളുടെ പ്രതികരണം. ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ് . (2019-2020 കാലത്ത് ജലദോഷപ്പനി മൂലം അമേരിക്കയില്‍ 22,000 പേര്‍ മരിച്ചതായി ആരോഗ്യസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).

നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുന്നതായും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ രേഖപ്പെടുത്തി.

സമാനരീതിയിലെ ട്രംപിന്റെ പോസ്റ്റ് ചൊവ്വാഴ്ച ഫെയ്‌സ് ബുക്ക് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് 26,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. കോവിഡിന്റെ ഗുരുതരാവസ്ഥ നിസാരവത്കരിക്കുന്ന വിധത്തിലാണ് ട്രംപിന്റെ പോസ്‌റ്റെന്നും അതിനാല്‍ നീക്കം ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു. നാല് ദിവസത്തെ കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു കോവിഡിനെ നിസാരവത്കരിച്ച് ട്രംപ് സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയത്.

Related Stories

Anweshanam
www.anweshanam.com