ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണം; ആവശ്യം ശക്തമാക്കി പ്രവാസികള്‍

കേരളത്തിലേക്ക് ഒരു ടിക്കറ്റ് ലഭിക്കുവാനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് നിരവധിപേര്‍
ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണം; ആവശ്യം ശക്തമാക്കി പ്രവാസികള്‍

മസ്‍കത്ത്: വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്ന ആവശ്യവുമായി ഒമാനിലെ ഇന്ത്യൻ സമൂഹം. തൊഴിൽ നഷ്ടപ്പെട്ട ധാരാളംപേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുന്നതായാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ നാട്ടിലേക്ക് മടങ്ങാനുള്ള ഫോൺ സന്ദേശം ലഭിക്കാത്ത പ്രവാസികളാണ് ആശങ്കയില്‍ കഴിയുന്നത്.

ഏതെങ്കിലും ഒരു വിമാനത്തിൽ കേരളത്തിലേക്ക് ഒരു ടിക്കറ്റ് ലഭിക്കുവാനായി തലേ ദിവസം രാത്രി മുതൽ ആഹാരം പോലും കഴിക്കാതെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് നിരവധിപേര്‍. എംബസി ഉദ്യോഗസ്ഥരും പ്രവാസി സംഘടനാ പ്രവർത്തകരും ഇവരെ സഹായിക്കുവാനായി രംഗത്തുണ്ടെന്ന് വേൾഡ് മലയാളി കൗൺസിൽ ഒമാന്‍ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഷെറിമോൻ പി.സി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ 12 ചാർട്ടേർഡ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്‌. 13 വിമാനങ്ങളിലായി 2450ഓളം പ്രവാസികൾ നാടണഞ്ഞു. കെ.എം.സി.സിയുടെ അഞ്ച് വിമാനങ്ങളും ഐ.സി.എഫ്, ഡബ്ലിയു.എം.സി എന്നിവയുടെ രണ്ടു വിമാനങ്ങളും, ഒ.ഐ.സി.സി, സേവാ ഭാരതി, വടകര അസോസിയേഷൻ എന്നീ കൂട്ടായ്മകളുടെ ഒരോ വിമാനം വീതവുമാണ് ഒമാനിൽ നിന്നും കേരളത്തിലേക്ക് ഒരുക്കിയിരുന്നത്.

വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ ഇതിനോടകം 27 വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. നോര്‍ക്ക റൂട്ട്സിന്റെ കണക്കുള്‍ പ്രകാരം കേരളത്തിലേക്ക് മടങ്ങാനായി 33,752 പ്രവാസികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 21 വരെ 6421 പേരാണ് കേരളത്തിലേക്ക് മടങ്ങിയത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായ 75 റിയാൽ പോലും വളരെ കൂടുതലാണെന്നിരിക്കെ ചാർട്ടേർഡ് വിമാനങ്ങളുടെ ടിക്കറ്റ്‌ നിരക്ക് 100 മുതൽ 120 റിയൽ വരെയാണ്. താഴേക്കിടയിലുള്ള ധാരാളം പ്രവാസികൾ മടക്കയാത്രക്കായി കാത്തിരിക്കുന്നതിനാൽ അടിയന്തരമായി വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ കൂടുതൽ വിമാന സർവീസുകൾ ഒമാനിൽ നിന്നുമുണ്ടാകണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com