തുര്‍ക്കിയോട് കളിക്കരുത്; മക്രോണിന് മറുപടിയുമായി എര്‍ദൊഗാന്‍

തുര്‍ക്കിഷ് ജനത എര്‍ദൊഗാന്‍ സര്‍ക്കാരിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു മക്രോണിന്‍റെ പരാമര്‍ശം
തുര്‍ക്കിയോട് കളിക്കരുത്; മക്രോണിന് മറുപടിയുമായി എര്‍ദൊഗാന്‍

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗാനും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും തമ്മിലുള്ള തര്‍ക്കം തുടരുന്നു. മക്രോണിന് തുര്‍ക്കിയെ മാനവികത പഠിപ്പിക്കാനാവില്ലെന്നും ഫ്രാന്‍സിന്റെ കൂട്ടക്കൊലകളുടെ ചരിത്രം മക്രോണ്‍ ഓര്‍ക്കണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് എര്‍ദൊഗാന്റെ പ്രസ്താവന. തുര്‍ക്കിഷ് ഗവണ്‍മെന്റിനോട് കര്‍ശനമായി പെരുമാറണമെന്നും തുര്‍ക്കിഷ് ജനത എര്‍ദൊഗാന്‍ സര്‍ക്കാരിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു ഫ്രാന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശം. ഗ്രീസ്-തുര്‍ക്കി അസ്വാരസ്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു മക്രോണിന്റെ പ്രതികരണം.

ലിബിയ തീരത്ത് ഒരു ഫ്രഞ്ച് കപ്പലുമായി തുര്‍ക്കി സേന അസ്വീകാര്യമായ ഏറ്റുമുട്ടല്‍ നടത്തിയത് ചൂണ്ടിക്കാണിച്ച മക്രോണ്‍ തുര്‍ക്കി ഇപ്പോള്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഒരു പങ്കാളിയല്ല എന്നും പറഞ്ഞിരുന്നു. ഇതില്‍ മക്രോണിനെ നേരിട്ട് പരാമര്‍ശിച്ചു കൊണ്ടാണ് എര്‍ദൊഗാന്റെ മറുപടി.

അള്‍ജീരിയയില്‍ ഒരു ദശലക്ഷം പേര്‍ കൊല്ലപ്പെടാനിടയായ ചരിത്രത്തിലെ കൂട്ടക്കൊലയും റ്വുവാണ്ടയില്‍ എട്ട് ലക്ഷം പേര്‍ കൊല്ലപ്പെട്ടതും എര്‍ദൊഗാന്‍ മറുപടിയില്‍ പരാമര്‍ശിച്ചു. ‘ തുര്‍ക്കിയോടോ തുര്‍ക്കിഷ് ജനതയോടോ കളിക്കാന്‍ വരരുത്,’ എര്‍ദൊഗാന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ 1980 ലെ സൈനിക അട്ടിമറിയുടെ 40ാം വാര്‍ഷികാചരണത്തിലാണ് എര്‍ദൊഗാന്റെ പ്രതികരണം. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഗ്രീസിന്റെയും സിപ്രസിന്റെയും അധികാരപരിധിയിലേക്ക് തുര്‍ക്കി നടത്തുന്ന ഓപ്പറേഷനുകള്‍ മേഖലയില്‍ സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായിരിക്കെയാണ് ഇരു നേതാക്കളും തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com