2021ന് മുമ്പ് കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യസംഘടന
world

2021ന് മുമ്പ് കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യസംഘടന

നിലവില്‍ വാക്സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു

By News Desk

Published on :

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ വാക്സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

എല്ലാവര്‍ക്കും തുല്യമായി വാക്സിന്‍ ലഭ്യമാക്കാനാണ് ഡബ്ലിഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം തന്നെ കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്നും ആഗോളതലത്തില്‍ പ്രതിദിന വ്യാപന നിരക്ക് റെക്കോര്‍ഡിലെത്തുകയാണെന്നും മൈക്ക് റയാന്‍ ഓര്‍മിപ്പിച്ചു.

പല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ വാക്‌സിന്‍ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ സമ്പന്നര്‍ക്കോ ദരിദ്രര്‍ക്കോ മാത്രമായിട്ടുള്ളതല്ലെന്നും എല്ലാവര്‍ക്കുമുള്ളതാണെന്നും റയാന്‍ പറഞ്ഞു. റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

Anweshanam
www.anweshanam.com