ലോകത്ത് കോവിഡ് ബാധിതർ 98.93 ലക്ഷത്തിലധികം, മരണം അഞ്ചുലക്ഷത്തിലേക്ക്
world

ലോകത്ത് കോവിഡ് ബാധിതർ 98.93 ലക്ഷത്തിലധികം, മരണം അഞ്ചുലക്ഷത്തിലേക്ക്

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.

By Thasneem

Published on :

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. ലോകത്താകെ 98.93 ലക്ഷത്തിലധികം കോവിഡ് ബാധിതരാണുള്ളത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേർ കൂടി രോഗം ബാധിച്ചു മരിച്ചതോടെ മരണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുന്നു.

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 44156 പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.1,27,640 പേര്‍ മരിക്കുകയും 10,68,703 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (സി.ഡി.സി.) മുന്നറിയിപ്പ്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി. വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 12 ലക്ഷത്തിലധികം രോഗികളുണ്ട്. ഇവിടെ മരണം 55,000 ആയി. മൂന്നാമതുള്ള റഷ്യയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇതില്‍ 2,85,636 പേര്‍ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com