കോവിഡ് വ്യാപിക്കുന്നു: ഇസ്രായേലിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു

സപ്തംബര്‍ 18നാണ് രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപിക്കുന്നു: ഇസ്രായേലിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു

തെല്‍അവീവ്: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍. വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാന ജൂത അവധി ദിനമായ ഒക്ടോബര്‍ 10ന് വൈകീട്ടുവരെ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സപ്തംബര്‍ 18നാണ് രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്നാഴ്ചത്തെ രണ്ടാംഘട്ട ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇത് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്. ഇസ്രായേലില്‍ ഇതുവരെ ഏകദേശം 2,06,332 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 1,335 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കച്ചവട കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികളും അവശ്യസേവനങ്ങളും മാത്രമുണ്ടാവും.

ജനങ്ങള്‍ വീടുകളുടെ 1,000 മീറ്റര്‍ പരിധിവിട്ട് പോവാന്‍ അനുവദിക്കില്ല. ചികില്‍സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോവേണ്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. സിനഗോഗുകള്‍ അടക്കമുള്ളവ വിശേഷ ദിവസങ്ങളില്‍ മാത്രമെ നിബന്ധനകളോടെ തുറക്കാന്‍ അനുവദിക്കൂ. തെല്‍ അവീവിന് പുറത്ത് ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം അടയ്ക്കണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ തടയപ്പെട്ടേക്കും. അഴിമതി, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജെറുസലേമിലെ വസതിക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നുവന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com