കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഗൾഫ് രാജ്യങ്ങൾ
world

കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഗൾഫ് രാജ്യങ്ങൾ

Ruhasina J R

റിയാദ്: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർ കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധനയുമായി ഗൾഫിലെ ഇന്ത്യൻ എംബസികൾ. കേരളസർക്കാരിന്റെ ആവശ്യം പരിഗണിച്ച് ശനിയാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയതായി സൗദിഅറേബ്യയും ഒമാനും ഔദ്യോഗികമായി അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇതോടെ വിവിധ സംഘടനകളുടെ നൂറിലേറെ ചാർട്ടേഡ് വിമാനസർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ശനിയാഴ്ച മുതൽ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണമെന്ന് കേരളം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാനുമതിയെന്ന് സൗദിയിലെയും ഒമാനിലേയും ഇന്ത്യൻ എംബസികൾ ഔദ്യോഗികമായി അറിയിച്ചു. കേരളത്തിൻറെ നിർദേശം പരിഗണനയിലാണെന്നും ഔദ്യോഗികഅറിയിപ്പ് ഉടനുണ്ടാകുമെന്നും യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രവാസിസംഘടനകളുമായി കൂടിയാലോചിക്കാതെയുള്ള സംസ്ഥാനസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സാമ്പത്തികച്ചെലവും കാലതാമസവും കാരണം കോവിഡ് പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്നാണ് പ്രവാസികൾ പറയുന്നത്.

ആറ് ഗൾഫ് രാജ്യങ്ങളിലായി 100ലേറെ ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്താൻ അനുമതി നേടിയിട്ടുള്ളത്. സംസ്ഥാനസർക്കാർ ഉത്തരവ് വന്നതോടെ അടിയന്തിരമായി നാട്ടിലേക്കെത്താൻ കാത്തിരിക്കുന്നവരുടെ യാത്രയുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Anweshanam
www.anweshanam.com