കുടുംബാസൂത്രണമെന്ന പേരില്‍ ചൈനയിൽ മുസ്‌ലിം വംശഹത്യ
world

കുടുംബാസൂത്രണമെന്ന പേരില്‍ ചൈനയിൽ മുസ്‌ലിം വംശഹത്യ

വർദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യ ദാരിദ്ര്യത്തിന്റെയും തീവ്രവാദത്തിന്റെയും പ്രജനന കേന്ദ്രമാണെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടികള്‍

By News Desk

Published on :

മുസ്ലീം ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള വ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായി വിഗേഴ്സുകളിലും ( Uighurs ) മറ്റ് ന്യൂനപക്ഷങ്ങളിലും ജനനനിരക്ക് കുറയ്ക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുകയാണ് ചൈനീസ് സർക്കാർ. അതെസമയം, രാജ്യത്തെ ഭൂരിപക്ഷമായ ഹാന്‍ വിഭാഗക്കാരില്‍ ജനന നിരക്ക് പ്രോത്സാഹിപ്പിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ്സ് (എപി) ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കുടുംബാസൂത്രണ പദ്ധതികള്‍ ചൈനയില്‍ സജീവമാണെങ്കിലും, സമീപകാലത്ത് ഇത് വ്യാപകവും ആസൂത്രിതവുമാണ്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ, സംസ്ഥാന രേഖകൾ, എന്നിവ പരിശോധിച്ചതോടൊപ്പം തടങ്കല്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍, അവരുടെ കുടുംബാംഗങ്ങള്‍, മുൻ ഡിറ്റൻഷൻ ക്യാമ്പ് ഇൻസ്ട്രക്ടർ, തുടങ്ങി 30ഓളം പേരുമായി നടത്തിയ അഭിമുഖത്തിനു പിന്നാലെയാണ് എപി ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിന്‍ഷിയാങ്ങ് സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലകളില്‍ ജനസംഖ്യാപരമായ വംശഹത്യയാണ് നടക്കുന്നതെന്നാണ് വിഗദ്ഗര്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളിലെ സ്ത്രീകള്‍ നിരന്തരം ഗർഭാവസ്ഥ പരിശോധിക്കാനും, ഐയുഡി(intrauterine device) പോലൂള്ള ഗർഭാശയ ഉപകരണങ്ങൾ സ്ഥാപിക്കാനും, വന്ധ്യംകരണം, ഗർഭച്ഛിദ്രം എന്നിവയ്ക്കും നിർബന്ധിതരാകുന്നതായാണ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഐയുഡികളുടെ ഉപയോഗവും വന്ധ്യകരണവും രാജ്യവ്യാപകമായി കുറഞ്ഞുവെങ്കിലും, സിന്‍ഷിയാങ്ങിൽ ഇത് കുത്തനെ ഉയരുകയാണ്.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ മാതാപിതാക്കളെ തടങ്കല്‍ ക്യാമ്പുകളിലേക്ക് അയക്കുകയാണ് പതിവ്. അല്ലെങ്കില്‍ വളരെ വലിയ തുക പിഴയായി ഈടാക്കും. രക്ഷിതാക്കള്‍ കുട്ടികളെ മറച്ചുവയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്യും.

വിഗേഴ്സുകളുടെ വാസ കേന്ദ്രങ്ങളായ ഹോതന്‍, കാഷ്ഗര്‍ എന്നിവിടങ്ങളില്‍ 2015 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ ജനനനിരക്ക് 60ശതമാനം ഇടിഞ്ഞതായി കാണിക്കുന്നു. ഇത് ആസൂത്രിതമായ ജനസംഖ്യാ നിയന്ത്രണ ക്യാമ്പെയിനിന്‍റെ വിജയമായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ഘോഷിക്കുന്നത്. സിന്‍ഷിയാങ് മേഖലയില്‍ ജനനനിരക്ക് 24 ശതമാനമായാണ് കുറഞ്ഞത്.

എന്നാല്‍, ഭൂരിപക്ഷ വിഭാഗമായ ഹാന്‍ ചൈനീസുകള്‍ സര്‍ക്കാരിന്‍റെ കുടുംബാസൂത്രണ നയങ്ങള്‍ക്ക് ചെവികൊടുക്കാതെ, ജനസംഖ്യ നിയന്ത്രണത്തിനുള്ള നടപടികള്‍ അനുസരിക്കാതെ തുടരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ചില പ്രത്യേക അജണ്ടകള്‍ ബാധകമാകുന്നത്.

ന്യൂനപക്ഷ മുസ്ലീം വിഭാഗക്കാര്‍ക്ക് പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർദേശം നൽകുകയും, അവിടെ കുട്ടികളുടെ പേരുവിവരം രജിസ്റ്റർ ചെയ്തില്ലെങ്കിൽ തടങ്കലിൽ വയ്ക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ ജനനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പ്രതിഫലം നൽകുന്നതടക്കമുള്ള നടപടികള്‍ പ്രാദേശിക സർക്കാര്‍ സംവിധാനങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. ചില പ്രദേശങ്ങളിൽ ചടങ്ങുകൾക്ക് ശേഷം സ്ത്രീകളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി അൾട്രാസൗണ്ട് സ്കാനറുകളുള്ള പ്രത്യേക മുറികളും ഉദ്യോഗസ്ഥർ സജ്ജമാക്കിയിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യ ദാരിദ്ര്യത്തിന്റെയും തീവ്രവാദത്തിന്റെയും പ്രജനന കേന്ദ്രമാണെന്നും “രാഷ്ട്രീയ അപകടസാധ്യത" ഉയർത്തുന്നുവെന്നുമാണ് സിൻഷിയാങ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി മേധാവി 2017 ലെ ഒരു പ്രബന്ധത്തിൽ കുറിച്ചത്. തങ്ങളുടെ വിശ്വാസവും സ്വത്വവും നീക്കം ചെയ്യാനും പ്രബലമായ ഹാൻ ചൈനീസ് സംസ്കാരം സ്വീകരിക്കാന്‍ അവരെ നിർബന്ധിതരാക്കാനുമാണ് വിഗേഴ്സുകൾക്കെതിരായ ജനന നിയന്ത്രണ ക്യാമ്പെയിനുകള്‍ ഭരണകൂടം ആസൂത്രണം ചെയ്യുന്നതെന്ന വിദഗ്ദ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരില്‍ തടങ്കല്‍ ക്യാമ്പുകളില്‍ കഴിയുന്ന വിഗേഴ്സ് വംശത്തില്‍പെട്ട സ്ത്രീകളും പുരുഷന്മാരും രാഷ്ട്രീയവും മതപരവുമായ പുനർ‌ വിദ്യാഭ്യാസത്തിന് നിര്‍ബന്ധിതരാകുമ്പോള്‍ അവരുടെ കുട്ടികള്‍ അനാഥാലയങ്ങളിലാണ് വളരുന്നത്. സിൻഷിയാങ്ങിലെ കാരാകാക്സ് കൗണ്ടിയിലുള്ള തടങ്കല്‍ ക്യാമ്പില്‍ ലിസ്റ്റുചെയ്തിട്ടുള്ള 484 തടവുകാരിൽ 149 പേർ രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ മാതാപിതാക്കളാണ്.

കുടുംബാസൂത്രണ നിയമങ്ങൾ ലംഘിച്ചതിന് വാര്‍ഷിക വരുമാനത്തിന്‍റെ മൂന്നിരട്ടിയാണ് പിഴയായി ചുമത്തുന്നത്. ഇങ്ങനെ ലക്ഷക്കണക്കിന് പണമാണ് പിഴയിനത്തില്‍ സര്‍ക്കാര്‍ ഖജനാവുകളില്‍ വന്നു ചേരുന്നത്. ഹാന്‍സ് ചൈനീസുകള്‍ക്ക് മേല്‍ പിഴ ചുമത്തുമെങ്കിലും, തുക അടയ്ക്കാത്ത പക്ഷം തടങ്കല്‍ ക്യാമ്പുകളിലേക്കയക്കുന്നത് ന്യൂനപക്ഷങ്ങളായ മസ്ലീമുകളെ മാത്രമാണ്. തടങ്കല്‍ ക്യാമ്പുകളിലെ ചൂഷണവും, സ്വൈര്യ ജീവിതത്തിനുള്ള തടസ്സവുമോര്‍ക്കുമ്പോള്‍ ഗര്‍ഭധാരണമെന്നത് ഇവിടങ്ങളിലെ ന്യൂനപക്ഷ മുസ്ലീം സ്ത്രീകള്‍ക്ക് പേടി സ്വപ്നമായി മാറിക്കഴിഞ്ഞു.

Anweshanam
www.anweshanam.com