ചെ ​ഗുവേരയുടെ അർജന്റീനയിലെ ജന്മഗൃഹം വില്‍പ്പനയ്ക്ക്
world

ചെ ​ഗുവേരയുടെ അർജന്റീനയിലെ ജന്മഗൃഹം വില്‍പ്പനയ്ക്ക്

By Sreehari

Published on :

ബ്യൂണസ് അയേഴ്‌സ് : വിപ്ലവ നായകനും ഗറില്ല നേതാവുമായ ഏര്‍ണസ്റ്റോ ചെഗുവേരയുടെ ജന്മ ഗൃഹം വില്‍പ്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെ ഗൃഹമാണ് വില്‍പ്പനയ്ക്കായി വച്ചിട്ടുള്ളത്.

നിലവില്‍ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002 ലാണ് ഈ വീടുവാങ്ങുന്നത്. സാസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ വീട് വാങ്ങിയത്. എന്നാല്‍ അത് നടന്നില്ല. തുടര്‍ന്നാണ് 2580 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള വീട് വില്‍ക്കാനായി ഫറൂഗിയ തീരുമാനിച്ചത്.

എന്നാല്‍ എത്ര രൂപയ്ക്കാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫറൂഗിയ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖരായ നിരവധി പേര്‍ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ എത്തിയിട്ടുണ്ട്. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

1950കളിൽ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു.

1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി.

1953-59 കാലത്ത് അരങ്ങേറിയ ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി എണസ്റ്റോ ജ്വലിച്ചു നില്‍ക്കുന്നു.

Anweshanam
www.anweshanam.com