നാഗൊർനോ- കറാബക്ക്; അസർബൈജാന് കനത്ത നഷ്ടം

അസർബൈജാനി സൈന്യത്തിന് 3000ത്തിലധികം സൈനികരെ നഷ്ടപ്പെട്ടതായി വിവരം.
നാഗൊർനോ- കറാബക്ക്;
അസർബൈജാന് കനത്ത നഷ്ടം

ബാക്കു: മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ അർമേനിയയും അസർബൈജാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ അസർബൈജാൻ പട്ടാളത്തിന് കനത്ത തിരിച്ചടി. നാഗൊർനോ-കറാബക്ക് പ്രദേശത്തെ ചൊല്ലിയുള്ള അധികാര തർക്ക പോരാട്ടത്തിൽ അസർബൈജാനി സൈന്യത്തിന് 3000ത്തിലധികം സൈനികരെ നഷ്ടപ്പെട്ടതായി സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് അർതാഖ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

മിക്ക മൃതദേഹങ്ങളും നിഷ്പക്ഷ മേഖലയിലാണ്. മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികൾ ഇനിയും സ്വീകരിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അയൽ രാഷ്ട്രങ്ങളെങ്കിലും അർമേനിയയും അസർബൈജാനും തമ്മിൽ പതിറ്റാണ്ടുകളായി പോരാട്ടത്തിൻ്റെ പാതയിലാണ്. യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് യുഎസ്എസ്ആർ - എന്ന കോൺഫെഡറേഷനിലെ സഹോദര സംസ്ഥാനങ്ങളായിരുന്നവർക്കിടയിലാണ് നിലയ്ക്കാത്ത പോരാട്ടം.

ഇരു രാഷ്ട്രങ്ങൾക്കിടയിലെ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമാണ് നാഗൊർനോ-കറാബക്ക് പ്രദേശം. അന്താരാഷ്ട്ര നിയമപ്രകാരം നാഗോർനോ-കറാബാക്ക് അസർബൈജാന്റെ ഭാഗമാണ്. ഭൂരിപക്ഷം പക്ഷേ അർമേനിയൻ വംശജർ. അസർബൈജാന്റെ ഭരണമംഗീകരിക്കാൻ ഭൂരിപക്ഷ അർമേനിയൻ വംശജർ തയ്യാറല്ല. 1990 കളിൽ അസർബൈജാൻ സേനയെ അർമീനിയൻ വംശജർ തുരത്തി. തുടർന്ന് അവർക്ക് അർമേനിയയുടെ പിന്തുണ.

സെപ്തംബർ 27 നാണ് നാഗൊർനോ-കറാബാക്കിൽ കനത്ത ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ഇത് പക്ഷേ വീണ്ടും സമഗ്ര യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക സാധൂകരിക്കപ്പെടുന്ന വാർത്തകളാണ് ലഭ്യമാകുന്നത്.

പതിറ്റാണ്ടുകൾ പഴക്കമുള്ള പിരിമുറുക്കങ്ങളാണിപ്പോൾ യുദ്ധ സമാനാമായൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളത്.1918 ലാണ് അർമേനിയയും അസർബൈജാനും റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായത്. ഇത്രത്തോളം തന്നെ പഴക്കമുണ്ട് നാഗൊർനോ-കറാബാക്കിനെ ചൊല്ലിയുള്ള അർമേനിയ- അസർബൈജാൻ തർക്കം.

Related Stories

Anweshanam
www.anweshanam.com