രാജ്യം വിടാന്‍ ആഗ്രഹിച്ച് അറബ് യുവത

അറബ് യൂത്ത് സര്‍വ്വെ 2020 ഫലം പുറത്തുവിട്ടു.
രാജ്യം വിടാന്‍ ആഗ്രഹിച്ച് അറബ് യുവത

ദുബായ്: അറബ് രാജ്യങ്ങളിലെ ചെറുപ്പക്കാരില്‍ പകുതിയോളം പേര്‍ കുടിയേറ്റം ആഗ്രഹിക്കുന്നതായി സര്‍വ്വെ ഫലം. ചൊവ്വാഴ്ച പുറത്തുവിട്ട അറബ് യൂത്ത് സർവ്വെ 2020 ലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. 18നും 24നുമിടയില്‍ പ്രായമുള്ള അറബ് യുവാക്കളില്‍ 10ല്‍ നാലിൽ കൂടുതൽ പേരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് പരിഗണിക്കുന്നതായി സർവ്വെ കണ്ടെത്തി.

17 രാജ്യങ്ങളിൽ നിന്നുള്ള 4,000 അറബ് യുവാക്കളുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് 42 ശതമാനം പേരും മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.15 ശതമാനം പേർ ഇതിനായുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്തതായി സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു- അല്‍ജസീറ റിപ്പോര്‍ട്ട്.

കുടിയേറാൻ ആഗ്രഹിക്കുന്ന ഏറ്റവും കൂടുതൽ യുവാക്കൾ ലെവന്റ് മേഖലയിലാണ്, 63 ശതമാനം. ലെബനനിൽ ഇത് 77 ശതമാനമാണ്. അതേസമയം, സൗദി അറേബ്യയിലെയും യുഎഇയിലെയും ചെറുപ്പക്കാര്‍ സ്വന്തം രാജ്യം വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. മൂന്ന് ശതമാനം പേര്‍ മാത്രമാണ് വിദേശങ്ങളിലേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഭരണകര്‍ത്താക്കളിലുള്ള അവിശ്വാസം, അവസരങ്ങളുടെ അഭാവം, വ്യാപകമായ അഴിമതി, സാമ്പത്തിക പരാജയം എന്നിവയാണ് പല യുവാക്കളെയും രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് സർവ്വെ കണ്ടെത്തി. 77 ശതമാനം ചെറുപ്പക്കാരും തങ്ങളുടെ രാജ്യത്ത് വന്‍ അഴിമതികള്‍ നടക്കുന്നതായി അഭിപ്രായപ്പെട്ടു.

ലെബനൻ, അൾജീരിയ, ഇറാഖ്, സുഡാൻ എന്നിവിടങ്ങളിൽ നടത്തിയ സർവ്വെയിൽ പങ്കെടുത്ത യുവാക്കളില്‍ 80 ശതമാനത്തിലധികവും തങ്ങളുടെ രാജ്യങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചവരായിരുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ‍ഞെരുക്കവും പ്രതിസന്ധികളുമാണ് മറ്റൊരു കാരണം. സര്‍വ്വെയില്‍ പങ്കെടുത്ത 20 ശതമാനം പേരും കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരാണ്. പ്രസ്തുത സാഹചര്യത്തില്‍ പുതിയൊരു ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും യുവാക്കള്‍ അഭിപ്രായപ്പെടുന്നു.

Related Stories

Anweshanam
www.anweshanam.com