താലിബാൻ എമിറേറ്റ്സ്; അംഗീകരിക്കാനാകില്ലെന്ന് അനുരഞ്ജന കൗൺസിൽ ചെയർമാൻ

ഐക്യത്തിലൂടെ മാത്രമെ സമാധാന സംസ്ഥാപനത്തിലേക്കുള്ള വഴിതുറക്കൂ.
താലിബാൻ എമിറേറ്റ്സ്; അംഗീകരിക്കാനാകില്ലെന്ന്
അനുരഞ്ജന കൗൺസിൽ ചെയർമാൻ

കന്തഹാർ: താലിബാൻ എമിറേറ്റ്സ് എന്ന ആവശ്യം വീണ്ടും ഉന്നയിച്ചുള്ള ഒത്തുതീർപ്പ് ചർച്ചകൾ ഒരു സാഹചര്യത്തിലും സ്വീകാര്യമല്ലെന്നു ഉന്നതാധികാര ദേശീയ അനുരഞ്ജന കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുള്ള വ്യക്തമാക്കി. കന്തഹാർ പൊലീസ് മേധാവി ജനറൽ അബ്ദുള്‍ റസീഖിൻ്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കവെയാണ് താലിബാൻ എമിറേറ്റ്സ് ആവശ്യം വീണ്ടും ഉയർത്തി കൊണ്ടുവരുന്നതിനെ ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ലെന്ന് അബ്ദുള്ള അടിവരയിട്ടത്.

അഫ്ഗാൻ ജനതയുടെ ഐക്യം അരക്കിട്ടുറപ്പിക്കപ്പെടേണ്ട സാഹചര്യമാണിത്. ഐക്യത്തിലൂടെ മാത്രമെ സമാധാന സംസ്ഥാപനത്തിലേക്കുള്ള വഴിതുറക്കൂവെന്നും അനുരഞ്ജന കൗൺസിൽ ചെയർമാൻ അബ്ദുള്ള പറഞ്ഞു.

രാജ്യാന്തര സേനകൾ പിൻവലിക്കപ്പെടുന്നതോടെ താലിബാൻ ലക്ഷ്യംവയ്ക്കുന്ന എമിറേറ്റ്സ് രൂപീകരണമെന്നത് വീണ്ടും അടിച്ചേല്പിക്കാമെന്ന് ആരും കരുതേണ്ടതില്ല. അത്തരമൊരു നീക്കം അഫ്ഗാൻ ജനതക്ക് അംഗീകരിക്കുവാനാകില്ലെന്ന് അബ്ദുള്ള ടോലോ ന്യൂസിനോട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read: "താലിബാന്‍ ആക്രമണം:16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു"

ഒരു ഭാഗത്ത് അനുരഞ്ജന ചർച്ചകൾ. മറുഭാഗത്ത് താലിബാൻ്റെ ആക്രമണങ്ങൾക്ക് അറുതിയില്ല. സാധാരണക്കാർ, രാഷ്ട്രീയ നേതൃത്വങ്ങൾ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതൃത്വങ്ങൾ ഇവരെല്ലാം താലിബാൻ്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാവുകയാണ്. താലിബാൻ്റെ അക്രമ പ്രവർത്തനങ്ങൾ ജനങ്ങളുടെ ആത്മവീര്യത്തെ നിർവീര്യമാക്കുകയാണ്. സമാധാന സംസ്ഥാപന ദൗത്യങ്ങളെ ദുർബ്ബലപ്പെടുത്തുകയാണ് താലിബാൻ്റെ തുടരുന്ന ആക്രമണങ്ങൾ - അബ്ദുള്ള കൂട്ടിചേർത്തു.

രക്ത രൂക്ഷിത സാഹചര്യം സൃഷ്ടിച്ച് സമാധാനമെന്നത് സാധ്യമാവില്ലെന്ന് തിരിച്ചറിയണം ആത്മവിശ്വാസവും ക്ഷമയുമാണ് ഈ വേളയിൽ മുഖ്യമെന്ന് അബ്ദുള്ള തുടർന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com