അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ബൈഡന് നേരിയ മുന്നേറ്റം കുറിച്ച് ആദ്യഫലസൂചനകള്‍

ഫ്‌ളോറിഡ നിര്‍ണായകമാകും.
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ബൈഡന് നേരിയ മുന്നേറ്റം കുറിച്ച് ആദ്യഫലസൂചനകള്‍

വാഷിങ്ടണ്‍: അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകള്‍ നല്‍കുന്നത്- എ എന്‍ഐ റിപ്പോര്‍ട്ട്. ഇന്ത്യാന, കെന്‍ചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് കരോലിന, വെര്‍മേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങള്‍ ബൈഡന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയില്‍ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. ഫ്ളോറിഡയില്‍ രാത്രി ഏഴിനും പെന്‍സില്‍വാനിയയില്‍ എട്ടിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ജോ ബൈഡന്‍ സ്വന്തം സംസ്ഥാനമായ ഡെലവെയര്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ വിജയിച്ചതായും മറ്റ് ചില റിപ്പോര്‍ട്ടുകളുണ്ട്.

റോഡ് ഐലന്‍ഡ്, ന്യൂജേഴ്‌സി, മസാച്യുസെറ്റ്സ്, മേരിലാന്‍ഡ്, ഇല്ലിനോയിസ്, ഡെലവെയര്‍, കണക്റ്റിക്കട്ട് എന്നിവ ഡെമോക്രാറ്റിക് നോമിനി നേടി. അതേസമയം, ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണ്.

ഈ സംസ്ഥാനങ്ങളൊന്നും കടുത്ത പോരാട്ടം നടക്കുന്ന ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ഫലം പ്രതീക്ഷിച്ചതായിരുന്നു. 13 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവില്‍ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡന്‍ മുന്നില്‍. ഫ്‌ളോറിഡയാകും ഒടുവില്‍ നിര്‍ണായകമാകുക. ഫ്‌ളോറിഡ കൈവിട്ടാല്‍ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികള്‍ സമ്മതിച്ചുകഴിഞ്ഞു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ ജനം കൂടുതല്‍ ആശ്രയിച്ചത് വോട്ടെണ്ണല്‍ ഇത്തവണ മന്ദഗതിയിലാകും. തപാല്‍ ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി 10 കോടിപേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.

വോട്ടെടുപ്പ് രാത്രി അവസാനിക്കുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് ട്രംപ് പങ്കുവെച്ചത്. അമിത പോളിംഗ് പ്രതീക്ഷ നല്‍കുന്നു എന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

Related Stories

Anweshanam
www.anweshanam.com