അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു

നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും
അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകൾ വ്യക്തമാവും.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമോ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെ ജനം പിന്തുണയ്ക്കുമോ എന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. അഭിപ്രായ സര്‍വേകള്‍ മിക്കതും ബൈഡനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. അമ്പതു സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററൽ വോട്ടർമാരെയാണ്. ഇതിൽ 270 പേരുടെ പിന്തുണ നേടുന്നയാൾ അടുത്ത അമേരിക്കൻ പ്രസിഡന്റാകും.

Also read: സിഎന്‍എന്‍ സര്‍വ്വെ: ട്രംപ് 12 പോയിന്റ് പിറകില്‍

ആകെയുള്ള 24 കോടി വോട്ടർമാരിൽ പത്തു കോടി പേർ തപാലിൽ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകൾ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ അമേരിക്കയുടെ നൂറു വർഷത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാകും അത്.

തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വെര്‍ജീനിയ, കണക്ടിക്കട്ട്, മെയിന്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ആറിനുതന്നെ വോട്ടെടുപ്പ് തുടങ്ങി. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ മെയില്‍ - ഇന്‍ വോട്ടിങ് സംവിധാനമാണ് നിരവധി അമേരിക്കക്കാര്‍ ഇതിനകം പ്രയോജനപ്പെടുത്തിയത്.

അമേരിക്കയില്‍ 2,31,000 ത്തിലധികം പേര്‍ മരിക്കാനിടയായ കോവിഡ് മഹാമാരിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കണമെന്നും രാജ്യത്തിന് പുതിയ നേതൃത്വം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ നമ്മള്‍ വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസമാണ് മിഷിഗണില്‍ ജനക്കൂട്ടത്തിനു മുന്നില്‍ കഴിഞ്ഞ ദിവസവും ട്രംപ് പ്രകടിപ്പിച്ചത്. നാം വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com