ഇന്ത്യൻ വോട്ടുകൾ പിടിക്കാൻ ജോ ബൈഡനും കമലാ ഹാരിസും

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോക വേദിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന ഒരു ശത്രുവാണെന്ന നിലയിലാണ് ഇന്ത്യക്കാർക്കിടയിൽ പ്രചരിക്കുന്നത്
ഇന്ത്യൻ വോട്ടുകൾ പിടിക്കാൻ ജോ ബൈഡനും കമലാ ഹാരിസും

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും ഇന്ത്യൻ വംശജയായ കമലാ ഹാരിസിനും പിന്തുണ ഏറുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോക വേദിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന ഒരു ശത്രുവാണെന്ന നിലയിലാണ് ഇന്ത്യക്കാർക്കിടയിൽ പ്രചരിക്കുന്നത്. ഇന്ത്യ മലിനമാണ് എന്ന ട്രംപിന്റെ പ്രസ്താവനയും ട്രംപിനെതിരെ തിരിയുന്നതിന് കാരണമാണെന്ന് വിലയിരുത്തുന്നു.

നവംബര്‍ 3ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം അവശേഷിക്കെ യു.എസ് സെനറ്റര്‍ എന്ന നിലയിലും തുടര്‍ന്ന് വൈസ് പ്രസിഡന്റായപ്പോഴും ബൈഡെന്‍ സമൂഹത്തെ സഹായിക്കുന്നതില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മ വാദിച്ചു.

ട്രംപ് ഭരണത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും ഞങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും ഞങ്ങള്‍ക്ക് ലഭിച്ച അതേ അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ സമൂഹത്തേയും മൂല്യങ്ങളേയും അഭിമാനത്തേയും മനസ്സിലാക്കുന്ന വിലമതിക്കുന്ന ഒരു നേതാവിനെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ കഠിനാധ്വാനത്തെ വിലമതിക്കുകയും തുല്യ അവസരം നല്‍കുകയും ചെയ്യുന്ന ഒരു നേതാവിനെയാണ് വേണ്ടത് എന്ന് ഇന്ത്യന്‍ വംശജനും സിലിക്കണ്‍ വാലിയിലെ സംരംഭകനുമായ അജയ് ജെയിന്‍ പറഞ്ഞതായി കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു..

അതേസമയം, ഇന്ത്യ വെസ്റ്റില്‍ എഴുതിയ ലേഖനത്തിൽ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വെച്ചുളള പരാമര്‍ശങ്ങളും ജോ ബൈഡന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ത്യന്‍ വംശജയാണ്. ഇക്കാര്യം കൂടി ഊന്നിപ്പറഞ്ഞാണ് ജോ ബൈഡന്റെ ലേഖനം.

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധത്തെ കുറിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബിസ്സിനസ്സ് അവസരങ്ങളെ കുറിച്ചും ലേഖനത്തില്‍ പറയുന്നു. നമ്മള്‍ പങ്കുവെയ്ക്കുന്ന മൂല്യങ്ങളുടെ സാമ്യതയില്‍ തനിക്ക് എല്ലായ്‌പ്പോഴും ഇന്ത്യന്‍ സമൂഹത്തോട് അടുപ്പം തോന്നിയിട്ടുണ്ടെന്ന് ബൈഡന്‍ പറയുന്നു.

അമേരിക്കയിൽ അടുത്ത കാലത്തായി ഇന്ത്യക്കാരുടെ ജനസംഖ്യ ഉയരുകയാണ്. നിലവിൽ 20 ലക്ഷത്തോളം ഇന്ത്യന്‍ വോട്ടര്‍മാരാണ് ഉളളത്. നോര്‍ത്ത് കരോലിന, വിര്‍ജീനിയ, പെന്‍സില്‍വാനിയ, മിഷിജണ്‍, ജോര്‍ജിയ, ടെക്‌സാസ് പോലുളള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്.

Related Stories

Anweshanam
www.anweshanam.com