പാസ്പോർട്ട് നയത്തില്‍ മാറ്റവുമായി ട്രംപ് സർക്കാർ

ജറുസലേമിൽ ജനിച്ച യുഎസ് പൗരന്മാർക്ക് ജന്മസ്ഥലം 'ഇസ്രായേൽ' എന്ന് ഉൾപ്പെടുത്താം.
പാസ്പോർട്ട് നയത്തില്‍ മാറ്റവുമായി ട്രംപ് സർക്കാർ

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രവുമായി ഡൊണാൾഡ് ട്രംപ് സർക്കാർ. തർക്കത്തിലുള്ള ജറുസലേമിൽ ജനിച്ച യുഎസ് പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ടുകളിലും മറ്റ് രേഖകളിലും അവരുടെ ജന്മസ്ഥലം ജറുസലേം അല്ലെങ്കില്‍ ഇസ്രായേല്‍ എന്ന് ചേര്‍ക്കാമെന്നാണ് പുതിയ പ്രഖ്യാപനം.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പാസ്പോർട്ട് നയത്തിൽ വരുത്തിയ മാറ്റം പ്രഖ്യാപിച്ചത്. ജറുസലേമിൽ ജനിച്ച യുഎസ് പൗരന്മാർക്ക് അമേരിക്കൻ പാസ്‌പോർട്ടുകളിൽ നഗരത്തെ അവരുടെ ജനന രാജ്യമായി രേഖപ്പെടുത്താന്‍ മാത്രമെ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ. ജറുസലേം സംബന്ധിച്ച ഇസ്രായേൽ -പലസ്തീൻ തർക്കത്തിൽ അന്തിമ തീരുമാനം പുറത്തു വരാത്ത സാഹചര്യത്തിലായിരുന്നു ഇത്.

എന്നാൽ, 2017ൽ ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി ട്രംപ് സർക്കാർ അംഗീകരിച്ചിരുന്നു. തുടർന്ന് തെൽഅവീവിലെ എംബസി ജറുസലേമിലേക്ക് യുഎസ് മാറ്റുകയും ചെയ്തിരുന്നു. രാജ്യാന്തര പ്രതിഷേധം കണക്കിലെടുക്കാതെ പതിറ്റാണ്ടുകളായി പിന്തുടർന്ന യുഎസ് വിദേശ നയമാണ് അന്ന് ട്രംപ് സർക്കാർ മാറ്റിയത്.

നവംബർ മൂന്നിന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപ് സർക്കാറിന്‍റെ പുതിയ രാഷ്ട്രീയ നീക്കം ചർച്ചയാകുന്നത്. ജൂത വോട്ടർമാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവർ എന്നിവരുടെ പിന്തുണ ഉറപ്പാക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വികലമായ നയങ്ങളും തീരുമാനങ്ങളും കാരണം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ട്രംപ് നേരിടുന്നത്.

Related Stories

Anweshanam
www.anweshanam.com