ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എല്‍ എല്‍ ബി’യുടെ ട്രെയിലർ പുറത്തിറങ്ങി.നടന്മാരായ സുരേഷ് ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാല്‍, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാച്ചിലേഴ്സിന്റെ കഥയാണ് പറയുന്നത്.
രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിക്കുന്നത്. സിബി, സല്മാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.