തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഓട്ടോ ഡ്രൈവറെ വീടുകയറി ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിൽകുമാറിനെയാണ് നാലംഗസംഘം വീട്ടിൽ കയറി ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ സുനിൽകുമാറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘം വീടിന്റെ ജനാലകളും വാതിലുകളും അടിച്ചുതകർത്തിട്ടുണ്ട്. വീടിനകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളും നശിപ്പിച്ചു.
നെയ്യാറ്റിൻകര സ്വദേശികളായ ശ്രീരാജ്, അഭിലാഷ്, ദീപക്, രഞ്ജിത്ത് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. രണ്ടുദിവസം മുമ്പ് ഒരു മരണവീട്ടിൽവെച്ചുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
സുനിൽകുമാറും സഹോദരൻ സുധീഷും അക്രമിസംഘത്തിലെ ചിലരുമായി മരണവീട്ടിൽവെച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നാലംഗസംഘം സുനിൽകുമാറിനെ വീട്ടിൽക്കയറി ആക്രമിച്ചതെന്നും സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന സുനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തും.
Comments