മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കാൻ അനുമതി. മാളുകളിൽ പ്രവേശിക്കും മുൻപ് രണ്ട് ഡോസ് വാക്സിൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റ് ഗാർഡിനെ കാണിക്കണം. എങ്കിലേ പ്രവേശനം അനുവദിക്കൂ.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് 15 മുതൽ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഇതിന് ആഴ്ച തോറും മാസം തോറുമുള്ള പാസുകൾ സർക്കാർ നൽകും.
50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് റെസ്റ്റോറൻ്റുകൾക്ക് രാത്രി 10 വരെ തുറന്നുപ്രവർത്തിക്കാം. മറ്റ് കടകൾക്കും രാത്രി 10 മണി വരെ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. തുറസായ സ്ഥലത്ത് നടക്കുന്ന കല്യാണ ചടങ്ങുകൾക്ക് പരമാവധി 200 പേരെയും ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന ചടങ്ങുകൾക്ക് 100 പേരെയും അനുവദിക്കും.
സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഓഫീസുകൾക്ക് തുറന്നുപ്രവർത്തിക്കാം. സിനിമ തീയറ്ററുകളും ആരാധനാലയങ്ങളും തുറക്കുന്നതിൽ തീരുമാനം ആയിട്ടില്ല.
Comments