എല്ലാ തീയറ്ററുകളും കീഴടക്കി മുന്നോട്ട് കുതിക്കുകയാണ് യാഷ് നായകനായ ‘കെ ജി എഫ് 2’. കന്നഡത്തില്‍ നിന്നുള്ള ബോക്സ് ഓഫീസ് അത്ഭുതമായിരുന്നു 2018 ല്‍ പുറത്തെത്തിയ കെജിഎഫ്. ഭാഷാഭേദമന്യെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ സ്വീകരിച്ച ചിത്രമായതുകൊണ്ടുതന്നെ കെജിഎഫിന്റെ സീക്വലിനുവേണ്ടി വലിയ കാത്തിരിപ്പ് ആണ് ഉണ്ടായിരുന്നത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമകളില്‍ ഭൂരിഭാഗവും ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോവുന്നതാണ് പതിവെങ്കില്‍ കെജിഎഫ് ചാപ്റ്റര്‍ 2 ആ പതിവ് തിരുത്തിയിരിക്കുകയാണെന്നു മാത്രമല്ല ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ സമീപകാലത്തെ ഏറ്റവും വിജയത്തിലേക്ക് ഇപ്പോൾ കുതിക്കുകയുമാണ്.
14ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കണക്ക് മാത്രമാണ് ഔദ്യോഗികമായി പുറത്തെത്തിയിരിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയാണ്. അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് അനൗദ്യോഗിക വിവരം. ഒപ്പം ആദ്യ തിങ്കളാഴ്ചയായ ഇന്നും ചിത്രത്തിന് വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Comments