കൊല്ലം: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡീസൽ തീർന്നതിനെ തുടർന്ന് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതായി പരാതി. മാവേലിക്കര ഡിപ്പോയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന വഴിയാണ് കൊല്ലത്ത് ഇറക്കിവിട്ടത്. നിരവധി യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി.
കെ.എൽ. 15 – 1872 എന്ന നമ്പറിലുള്ള ബസാണ് ഡീസൽ തീർന്നതിനെ തുടന്ന് യാത്ര മുടക്കിയതെന്നാണ് വിവരം. രാവിലെ മാവേലിക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നിരവധി യാത്രക്കാർ സൂപ്പർ ഫാസ്റ്റ് ബസിൽ ഉണ്ടായിരുന്നു. ജോലി ആവശ്യാർഥം പോകുന്നവരും ആശുപത്രിയിലേക്ക് പോകുന്നവരും ബസിൽ ഉണ്ടായിരുന്നു. ഇരുന്ന് യാത്ര ചെയ്യുന്നതിനായി മിക്കവരും റിസർവ് ചെയ്താണ് ബസിൽ കയറിയിരുന്നത്.
ഡീസൽ തീർന്നതിനെ തുടർന്ന് വഴിയിൽ കിടപ്പായതോടെ, യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റി കയറ്റി. എന്നാൽ റിസർവ് ചെയ്തതിന്റെ പരിഗണന ഇവർക്ക് ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. പലർക്കും തിരുവനന്തപുരം വരെ നിന്ന് യാത്രചെയ്യേണ്ടി വന്നു.
‘മാവേലിക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു ഞാനും കുടുംബവും. നിന്ന് യാത്ര ചെയ്യാൻ പ്രയാസമുള്ളതിനാൽ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ കൊല്ലത്ത് എത്തിയപ്പോൾ ഡീസൽ തീർന്നെന്ന് പറഞ്ഞ് വഴിയിൽ ഇറക്കി വിടുകയായിരുന്നു’ ബസിലെ യാത്രക്കാരനായ സിനിമ – ടെലിവിഷൻ താരം രഞ്ജിത്ത് ചെങ്ങമനാട് പറയുന്നു.
ബസിൽ റീജിയണൽ കാൻസർ സെന്ററിലേക്ക് പോകേണ്ടവരും, ജോലിക്ക് പോകുന്നവരും ഉണ്ടായിരുന്നു. റിസർവ് ചെയ്ത ഇവർക്കെല്ലാം പിന്നീട് സീറ്റ് കിട്ടിയില്ല. സൂപ്പർ ഫാസ്റ്റിന് പകരം നൽകിയത് ഒരു സാധാരണ ബസും ആയിരുന്നു- അദ്ദേഹം വ്യക്തമാക്കി.
Comments